യുവാവിന്റെ ജീവനെടുത്തത് കെഎസ്ആര്‍ടിസിയുടെ അമിതവേഗം: മോട്ടോര്‍ വാഹനവകുപ്പ്

നഗരമധ്യത്തിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമെന്ന് മോട്ടർ വാഹനവകുപ്പ്. എംസി റോഡിൽ ബേക്കർ ജംക്‌ഷനിൽ നിന്നു നാഗമ്പടം ഭാഗത്തേക്കുള്ള ഇറക്കത്തിൽ അമിത വേഗത്തിൽ എത്തിയതാണ് അപകടകാരണമായതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ് പറഞ്ഞു. 

ബ്രേക്ക് ചെയ്ത ഉടനെ ബസ് നിന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നടുവര പൂർണമായി കടന്ന നിലയിലാണ് ബസ് നിന്നത്. ബൈക്ക് ബസിനടിയിൽ കുടുങ്ങിയ നിലയിലും അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ നീലിമംഗലം കിഴക്കാലിക്കൽ‍ കുരുവിള വർഗീസ് (അപ്പു–24) കിടന്നിരുന്നത് ബസിന്റെ പിൻ ടയറിന് സമീപത്തുമാണ്. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗം എടുത്തതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

റോഡ് നവീകരിച്ചപ്പോൾ വൈഡബ്ല്യുസിഎ ഭാഗത്ത് ഉണ്ടായിരുന്ന മീഡിയൻ പൊളിച്ചുമാറ്റിയത് വാഹനങ്ങളുടെ അമിത വേഗത്തിനു കാരണമായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സ്ഥിരം മീഡിയൻ സ്ഥാപിക്കണമെന്ന് ഇന്ന് ചേരുന്ന സുരക്ഷ അതോറിറ്റി യോഗത്തിൽ ആവശ്യപ്പെടുമെന്ന് ടോജോ എം.തോമസ് അറിയിച്ചു.