ഓപ്പറേഷൻ തിയറ്ററിൽ നവജാത ശിശുവിനെ നായ കടിച്ചുകൊന്നു

ഉത്തർപ്രദേശിലെ സ്വകാര്യാശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ കടന്ന തെരുവു നായ നവജാത ശിശുവിനെ കടിച്ചുകൊന്നു. ഫറൂഖാബാദിലെ ആകാശ് ഗംഗ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം.‌

ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ച് ആശുപത്രി അടച്ചുപൂട്ടി. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ രവികുമാർ തലേന്നാണ് ഭാര്യ കാഞ്ചനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സുഖപ്രസവമായിരിക്കുമെന്നു കരുതിയെങ്കിലും സിസേറിയനായിരുന്നു. പ്രസവശേഷം കാഞ്ചനെ മുറിയിലേക്കു മാറ്റി.കുറച്ചു സമയത്തിനു ശേഷം ആശുപത്രി ജീവനക്കാർ ഓപ്പറേഷൻ തിയറ്ററിൽ നിന്നു നായയെ ഓടിക്കുന്നതു കണ്ടു ചെന്നുനോക്കിയപ്പോൾ 2 മണിക്കൂർ മുൻപു മാത്രം പിറന്ന കുഞ്ഞിന്റെ മൃതദേഹം രക്തത്തിൽ മുങ്ങി നിലത്തു കിടക്കുകയായിരുന്നു എന്ന് രവികുമാർ പറഞ്ഞു.

കഴുത്തിലും ഇടതു കണ്ണിലും നെഞ്ചിലും ആഴത്തിൽ മുറിവുണ്ടായിരുന്നു. പരാതിപ്പെട്ടാതിരിക്കാൻ ആശുപത്രി അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും രവികുമാർ പറഞ്ഞു. ഇതേസമയം, മരിച്ചനിലയിലാണ് കുഞ്ഞ് പിറന്നതെന്ന് ആശുപത്രി ഉടമ വിജയ് പട്ടേൽ പ്രതികരിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ആശുപത്രി ഉടമ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിക്ക് റജിസ്ട്രേഷൻ ഇല്ലായിരുന്നെന്നു വ്യക്തമായിട്ടുണ്ട്.