ജോലി നേടി മടങ്ങിയ യുവാക്കൾ ബൈക്കപകടത്തില്‍ മരിച്ചു; കണ്ണീരടങ്ങാതെ ഉറ്റവര്‍

തൊഴിൽമേളയിൽ പങ്കെടുത്തു ജോലി നേടി മടങ്ങിയ 2 യുവാക്കൾ എംസി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. മുളക്കുഴ കാരയ്ക്കാട് ജനിഭവനത്തിൽ എം.കെ.ജയന്റെ മകൻ അമ്പാടി ജയൻ (20), ഹരിപ്പാട് ഏവൂർ നോർത്ത് കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം പുളിത്തറ വടക്ക് ശ്രീരാഗത്തിൽ ഭാസിയുടെ മകൻ അഭിരാജ് (സച്ചിൻ-19) എന്നിവരാണു മരിച്ചത്. കൂട്ടയിടിച്ച മറ്റു ബൈക്കിലെ യാത്രക്കാരും കൊല്ലം സ്വദേശികളുമായ രാഹുൽ, സുജിത്ത് എന്നിവർക്കു പരുക്കേറ്റു.

ഗവ. ഐടിഐ ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. ഗവ. ഐടിഐയിൽ നടന്ന തൊഴിൽമേളയിൽ പങ്കെടുത്തു ജോലി നേടിയ ശേഷം മടങ്ങുകയായിരുന്നു അമ്പാടിയും അഭിരാജും. തന്റെ ബൈക്കിൽ അഭിരാജിനെ ചെങ്ങന്നൂരിൽ എത്തിക്കാൻ പോയതാണ് അമ്പാടി. ഇതേ ദിശയിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കവേ, ഇവർ സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിൽ എതിരെ രാഹുലും സുജിത്തും സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയാണ് അപകടമെന്നു പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്നു നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന് അടിയിൽപെട്ടു.

അഭിരാജ് റോഡിൽ തലയിടിച്ചു വീണു. അമ്പാടി വീണത് എതിരെ വന്ന കാറിനടിയിലേക്കാണ്. ഇരുവരെയും  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ചെങ്ങന്നൂർ ഗവ.ഐടിഐയിൽനിന്നു കഴിഞ്ഞ വർഷമാണ് ഇരുവരും പാസായത്.  സ്മിതയാണ് അമ്പാടിയുടെ അമ്മ. സഹോദരങ്ങൾ: പാർവതി, ആദിത്യൻ. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ.അഭിരാജിന്റെ അമ്മ: രാഗിണി. സഹോദരൻ: അനുരാജ്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു രാഹുലും സുജിത്തും. രാഹുലിന്റെ കാലിനു സാരമായി പരുക്കേറ്റു.

‘ഒരു ജോലി ഇന്നലെ കിട്ടിയതാണ് അവന്. പക്ഷേ, മാസത്തിലൊരിക്കലേ അവധി കിട്ടൂ. വീട്ടിൽ വന്നു പോകാൻ കഴിയുന്ന ജോലി മതിയെന്നു പറഞ്ഞു. രണ്ടാമതൊന്നിനായി പോയതാണ്. അതും കിട്ടി. പക്ഷേ...’ പാതിയിൽ ജയന്റെ വാക്കു മുറിഞ്ഞു. പിന്നെ, അമ്പാടി വരാറുള്ള ആ വഴിയിലേക്കു വെറുതെ നോക്കിനിന്നു. പെയിന്റിങ് കരാറുകാരനാണു ജയൻ. മകനു ജോലി കിട്ടിയെന്ന സന്തോഷം നിമിഷങ്ങൾക്കകം തീരാ സങ്കടത്തിലേക്കു വഴി മാറിയതിന്റെ ഞെട്ടലിലാണ് ആ പിതാവ്.

ജനിഭവനത്തിലെ മുറിക്കുള്ളിൽനിന്നു അമ്മ സ്മിതയുടെ നിലവിളി കേട്ട് കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കൾ. വീടിനു മുന്നിലെ വഴിയിൽ കണ്ണീരോടെ നിൽക്കുന്നുണ്ട് അമ്പാടിയുടെ അനുജൻ ഒന്നാം ക്ലാസുകാരൻ ആദിത്യൻ. ആ കറുത്ത ബൈക്കിൽ പ്രിയ സുഹൃത്ത് വരില്ലെന്ന യാഥാർഥ്യത്തോടെ സുഹൃത്തുക്കളും വീട്ടു പരിസരത്തുണ്ടായിരുന്നു.