നിന്നെ മിസ് ചെയ്യുന്നു; സ്വർഗത്തിലുള്ള പൊന്നുമോൾക്ക് പിറന്നാൾ ആശംസിച്ച് ചിത്ര; കുറിപ്പ്

എട്ട് വർഷം മുൻപ് ഓർമയായ മകൾക്ക് പിറന്നാൾ ആശംസിച്ച് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. മകൾ നന്ദനയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്ക് വെച്ചാണ് ചിത്ര പിറന്നാൾ ആശംസകൾ നേർന്നത്. 

ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.’ - ചിത്ര കുറിക്കുന്നു.

ഏറെനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും നന്ദന പിറക്കുന്നത്. എന്നാൽ, ഇവരുടെ ആഹ്ലാദവും ആഘോഷവും അധികം നാൾ നീണ്ടില്ല. 2011 ഏപ്രിൽ 11ന് ദുബായിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.