ആ മുറിവുണങ്ങില്ല.. മിസ് യൂ നന്ദന; നൊമ്പരക്കുറിപ്പുമായി ചിത്ര

ചില വേർപാടുകൾ ഏൽപ്പിക്കുന്ന മുറിവുണങ്ങില്ലെന്ന് ഗായിക കെ.എസ് ചിത്ര. മകളുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചാണ് ചിത്രയുടെ പോസ്റ്റ്. നന്ദനയുടെ ചരമവാർഷികത്തോട് അനുബന്ധിച്ചാണ് മലയാളിയുടെ പ്രിയപ്പെട്ട വാനമ്പാടി വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചത്. ചിത്രയുടെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ...

‘ഓരോ ജൻമത്തിനും ഓരോ നിയോഗമുണ്ടെന്ന് ആളുകൾ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ആ നിയോഗം പൂർത്തിയാക്കിയ ശേഷം നിത്യമായ ലോകത്തേക്ക് അത് മടങ്ങുമെന്നും. കാലം മുറിവുണക്കുമെന്നും ചിലർ പറയാറുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ ആളുകൾക്ക് അത് സത്യമല്ലെന്ന് അറിയാം. ആ മുറിവ് ഉണങ്ങിയിട്ടില്ല. വേദനാജനകവുമാണ്.. മിസ് യു നന്ദന.’

ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2002–ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. ആഹ്ലാദത്തോടെ മുന്നോട്ട് പോകവെ 2011 ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു.