ചുമരിൽ ഒട്ടിച്ചുവെച്ച വാഴപ്പഴം വിറ്റുപോയത് 85 ലക്ഷത്തിന്; പിന്നിൽ?

ഒരു വാഴപ്പഴത്തിന് വില 85 ലക്ഷം രൂപ. കണ്ണു തള്ളേണ്ട. വാഷിങ്ടണിലാണ് സംഭവം. മിയാബി ബീച്ചില്‍ നടന്ന പ്രദർശനത്തിനിടെയാണ് വാഴപ്പഴം ലക്ഷക്കണക്കിന് രൂപക്ക് വിറ്റുപോയത്. ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു ഇത്.

ഇറ്റാലിയൻ കലാകാരനായ മൗരീസിയോ കാറ്റലെൻ ആണ് ഇന്‍സ്റ്റലേഷൻ തയ്യാറാക്കിയത്. മറ്റുള്ളവയിൽ നിന്നും വേറിട്ടു നിൽക്കുന്നതായിരുന്നു ചുമരിലെ ഈ വാഴപ്പഴം എന്ന് ആസ്വാദകർ പറയുന്നു. ഒറിജിനല്‍ വാഴപ്പഴം ഉപയോഗിച്ചു തന്നെയാണ് ഇന്‍സ്റ്റലേഷൻ തയ്യാറാക്കിയത്. മൗരീസിയോയുടെ മൂന്ന് എഡിഷനുകളിലെ രണ്ടെണ്ണം ഇതുവരെ വിറ്റുപോയിട്ടുണ്ട്.

സമ്പത്തിന്റെ അസമത്വത്താൽ കലാ ലോകം എന്തായിത്തീർന്നുവെന്നതിന്റെ ചിത്രീകരണമാണിതെന്ന് പെറോട്ടിന്‍ ഗ്യാലറി ഉടമ ഇമ്മാനുവൽ പെറോട്ടിന്റെ പ്രതികരണം. പഴം ഉപയോഗിച്ചാണ് മൗരീസിയോ ഈ ആശയം യാഥാർഥ്യമാക്കിയത്. ഇതിനിടെ പഴം ഉപയോഗിച്ച് പല മോഡലുകളും പരീക്ഷിച്ചിരുന്നു. മരപ്പലകയിലും ഓടിലും ഹോട്ടൽ മുറികളിലുമായി ഇത്തരത്തിലുള്ള മോഡലുകൾ മൗരീസിയോ തൂക്കിയിട്ടിരുന്നു. ഏറ്റവുമൊടുവിലാണ് ചുമരിൽ ഇൻസ്റ്റലേഷൻ തയ്യാറാക്കാം എന്ന തീരുമാനത്തിലേക്ക് ഇമ്മാനുവല്‍ എത്തിയത്.

മുന്‍പ് ബ്രിട്ടനിൽ നടന്ന പ്രദർശനത്തിൽ മൗരീസിയോയുടെ 'സ്വര്‍ണ ബാത്രൂം' ഏറെ ശ്രദ്ധ നേടിയിരുന്നു.