'ജെല്ലിക്കെട്ട്’ മോഡല്‍ ഓട്ടം; എരുമ വിറപ്പിച്ചത് 3 മണിക്കൂര്‍; എന്നിട്ടും ശൗര്യമടങ്ങാതെ

ഗാന്ധിനഗറിൽ നിന്ന് എരുമ വിരണ്ടോടി. എംസി റോഡിൽ ഓട്ടോ ആക്രമിച്ച ശേഷം റെയിൽവേ ട്രാക്കിലേക്ക് ചാടി. പിന്നെയും റോഡിലേക്ക്. 3 മണിക്കൂർ പരിഭ്രാന്തി പരത്തിയ എരുമയെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്നു പിടിച്ചു കെട്ടി. ഇന്നലെ 10നാണ് സംഭവം. ഗാന്ധിനഗർ പാടത്ത് കെട്ടിയിരുന്ന എരുമ ശബ്ദം കേട്ട് കയർ പൊട്ടിച്ച് ഓടിയെന്നാണ് ഉടമയുടെ വിശദീകരണം. എന്നാൽ ഗാന്ധിനഗറിൽ വണ്ടിയിൽ കൊണ്ടു വന്ന് ഇറക്കുന്നതിനിടെ വിരണ്ട് ഓടിയതാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

അറവു കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനു മുൻപ് ഓടിയതാണെന്നും നാട്ടുകാർ പറഞ്ഞു. സംക്രാന്തിയിലേക്ക് പാഞ്ഞെത്തിയ എരുമ കുമാരനല്ലൂർ വരെ റോഡിലൂടെ ഓടി. ഓട്ടോ സ്റ്റാൻഡിൽ ചുവന്ന കൈലി ഉടുത്തയാളിനെ കുത്താൻ ഓടിച്ചു. ഇദ്ദേഹം ഓട്ടോയ്ക്ക് മറഞ്ഞു. ഇതോടെ ഓട്ടോ കുത്തി മറിച്ചു. ജോബി ജോ സഫിന്റെ ഓട്ടോയാണ് കുത്തി മറിച്ചത്. 

തുടർന്നു റെയിൽവേ ക്രോസിങ്ങിൽ കയറിയ എരുമ ട്രാക്കിലൂടെ ചൂട്ടുവേലി ഭാഗത്തേക്ക് പാഞ്ഞു. ഇതേസമയം ട്രെയിൻ വരുന്ന ശബ്ദം കേട്ട് വീണ്ടും റോഡിലേക്ക് ചാടി.

വീണ്ടും കുമാരനല്ലൂർ കവല വഴി നീലിമംഗലത്ത് എത്തി. ഇവിടെ എത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ഹരികൃഷ്ണൻ നായർ പിന്നാലെ ഓടി എരുമയുടെ മൂക്കുകയറിൽ പിടിച്ച് സാഹസികമായി നിർത്തുകയായിരുന്നു. നാട്ടുകാരും മറ്റു ഓട്ടോ ഡ്രൈവർമാരും ഓടിയെത്തി കാലുകൾ കൂട്ടി കെട്ടി എരുമയെ പോസ്റ്റിൽ ബന്ധിച്ചു. 

ഇതിനുശേഷവും അര മണിക്കൂറോളം പണിപ്പെട്ടാണ് എരുമയെ പെട്ടിവണ്ടിയിൽ കയറ്റിയത്. കയറുവച്ച് വരിഞ്ഞു കെട്ടി വണ്ടിയിൽ കയറ്റുമ്പോഴും എരുമയുടെ ശൗര്യം കെട്ടടങ്ങിയിരുന്നില്ല. ഗാന്ധി നഗറിലേക്കാണ് എരുമയെ കൊണ്ടു പോയത്. പൊലീസ് സ്ഥലത്തെത്തി.