ഇന്ത്യൻ ഫുഡ് 'അസഹനീയ'മെന്ന് ടിം നിക്കോൾ; ഡിസ്​ലൈക്കെന്ന് സൊമാറ്റോ;പ്രതിഷേധം

ഇന്ത്യയിലെ ഭക്ഷണം സഹിക്കാൻ പറ്റാത്തതാണെന്ന് ട്വീറ്റ് ചെയ്തതേ യുഎസിലെ പ്രമുഖ അക്കാദമീഷ്യനായ ടിം നിക്കോളിന് ഓര്‍മ്മയുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ ട്വിറ്ററിലെ പ്രതിഷേധച്ചൂട് നിക്കോൾ ശരിക്കറിഞ്ഞു. എവിടെ ഡിസ്​ലൈക്ക് ബട്ടൺ? അത് ട്വിറ്ററിൽ ഉൾപ്പെടുത്തേണ്ട സമയമായി എന്നായിരുന്നു സൊമാറ്റോ ഇന്ത്യയുടെ മറുപടി. 

നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുള്ള ഭക്ഷണത്തെ കുറിച്ച് പറയൂ എന്ന് ട്വിറ്റർ ഉപയോക്താവായ ജോൺ ബെക്കർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് നിക്കോൾ ഇന്ത്യൻ ഭക്ഷണത്തെ മോശമാക്കി ട്വീറ്റ് ചെയ്തത്. നിങ്ങൾക്ക് ശരിക്കും ടേസ്റ്റ്ബഡ്സ് ഉണ്ടോ എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്.

ഇന്ത്യ പോലെ വൈവിധ്യമാർന്ന സംസ്കാരവും ഭക്ഷണരീതിയുമുള്ള ഒരു നാടിനെ എന്തർഥത്തിലാണ് ഇത്തരത്തിൽ ട്വീറ്റിലെത്തിച്ചതെന്നായിരുന്നു പലരുടെയും ചോദ്യം. രാജ്യത്തിന്റെ എല്ലാ ഭാഗത്തെയും ഭക്ഷണം കഴിക്കാതെ എങ്ങനെയാണ് നിക്കോളിന് ഇങ്ങനെ ആക്ഷേപിക്കാൻ കഴിയുന്നതെന്നും ചിലർ കുറിച്ചു. നമുക്കിഷ്ടമല്ലാത്ത ഒരു ഭക്ഷണം ഇഷ്ടപെടാതിരിക്കാമെന്നും പക്ഷേ മോശമാണെന്ന് പറയുന്നത് ശരിയല്ലെന്നും ട്വിറ്ററേനിയൻസ് നിക്കോളിന് മറുപടി നൽകിയിട്ടുണ്ട്.