ഹിമാലയത്തിൽ കണ്ടെത്തിയ ‘ജീവനുള്ള മമ്മി’; 600 വർഷം പഴക്കം; കൗതുകം

ഹിമാചല്‍ പ്രദേശിലെ ‘ജീവനുള്ള മമ്മി’ എന്നും യാത്രക്കാർക്ക് അദ്ഭുതം സമ്മാനിക്കുന്ന ഒന്നാണ്. ഇതിന് പിന്നിൽ പ്രചരിക്കുന്ന ഐഹിത്യങ്ങളും ഏറയാണ്. ഇതിനൊപ്പം തന്നെ ശാസ്ത്രീയ പരിശോധനകളും നൽകുന്നത് കൗതുകമുള്ള റിപ്പോർട്ടാണ്.സൈന്യത്തിന്‍റെ ഖനനപ്രവര്‍ത്തനങ്ങള്‍ക്കിടെയിലാണ് 1975 ല്‍ അവര്‍ക്ക് ഒരു മൃതദേഹം കിട്ടുന്നത്.

അധികം പഴക്കമില്ലാത്ത ശരീരമായിരിക്കും അതെന്നാണ്‌ അവര്‍ ആദ്യം കരുതിയത്. പിന്നീട് നടത്തിയ കാര്‍ബണ്‍ പരിശോധനയിലാണ് അതിന് അറുനൂറോളം വര്‍ഷം പഴക്കമുണ്ടെന്നു മനസ്സിലായത്. കാല്‍മുട്ടുകള്‍ നിലത്ത് കുത്താതെ, കുത്തിയിരിക്കുന്ന നിലയിലാണ് ഈ മമ്മി ലഭിക്കുന്നത്. 

മമ്മി ലഭിക്കുമ്പോൾ പട്ടുമേലങ്കിയാണ് ധരിച്ചിരിക്കുന്നത്. പല്ലിനും മുടിക്കുമൊന്നും ഒരു കുഴപ്പമുണ്ടായിരുന്നില്ല. മണ്ണിനടിയില്‍നിന്നു പുറത്തേക്ക് വന്നപ്പോള്‍ ശരീരത്തില്‍ രക്തവും കണ്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് ഇതിന് ‘ജീവനുള്ള മമ്മി’ എന്ന് ഇതിനു പേര് വന്നത്. ഇപ്പോള്‍ ഗ്യൂവിലെ ഒരു ഗോമ്പ അഥവാ ആശ്രമത്തിലാണ് ഈ മമ്മി സൂക്ഷിച്ചിരിക്കുന്നത്.

ഐതിഹ്യം ഇങ്ങനെ:

പണ്ടുപണ്ട് ഹിമാചല്‍ പ്രദേശിലെ ഗ്യൂ ഗ്രാമത്തിൽ ജനങ്ങള്‍ തേള്‍ശല്യം മൂലം പൊറുതി മുട്ടിയിരുന്നു. അപ്പോഴാണ്‌ സംഘ ടെന്‍സിന്‍ എന്നു പേരുള്ള ഒരു ലാമ അവിടെയെത്തിയത്. ജനങ്ങളുടെ കഷ്ടപ്പാടു കണ്ട് അദ്ദേഹത്തിന്‍റെ മനസ്സലിഞ്ഞു. തേള്‍ശല്യം ഒഴിവാക്കാനായി അദ്ദേഹം തപസ്സിരിക്കാന്‍ തുടങ്ങി. ആ ഇരിപ്പിലെപ്പോഴോ അദ്ദേഹം സമാധിയടഞ്ഞു. ലാമയുടെ ആത്മാവ് ശരീരം വിട്ടുപോയപ്പോള്‍ ആകാശത്ത് ഏഴു നിറമുള്ള മഴവില്ല് വിരിഞ്ഞു. അതോടൊപ്പം തേളുകളും ഗ്രാമം വിട്ട് എങ്ങോട്ടോ ഓടിപ്പോയി.