പഠിച്ചത് എൻഐടിയിൽ; വ്യാജ ഐപിഎസുകാരന് എൻട്രൻസില്‍ റാങ്ക് 68‍: ഡിഐജി

വ്യാജ ഐപിഎസ് വിപിൻ കാർത്തിക്ക് ഐടിയിൽ ‘ബഹുമിടുക്കൻ’. പഠിച്ചത് എൻഐടിയിൽ. എൻട്രൻസ് പരീക്ഷയിൽ 68–ാം റാങ്ക്. എന്നാൽ എൻഐടിയിലെ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. അതിന് ശേഷമാണ് ഹോട്ടൽമാനേജ്മെന്റിലേക്ക് തിരിഞ്ഞത്. എൻഐടിയിൽ പഠിക്കുന്ന സമയത്താണ് വിപിൻ പൊലീസുകാരുമായി അടുപ്പം സ്ഥാപിച്ച് തുടങ്ങുന്നതെന്ന് ഡിഐജി എസ്.സുരേന്ദ്രൻ. വിപിൻ യഥാർഥ ഐപിഎസുകാരേക്കാൾ ബുദ്ധിപൂർവ്വമാണ് പലകാര്യങ്ങളും ചെയ്തതെന്നും ഡിഐജി പറയുന്നു. 

ഐടി വൈദഗ്ധ്യമുപയോഗിച്ചാണ് വ്യാജരേഖകളും പൊലീസിന്റെ സീലുകളുമെല്ലാം നിർമിച്ചത്. നമ്പർ പ്ലേറ്റ് വരെ വ്യാജമായി നിർമിച്ചു. ജമ്മുകശ്മീരിലെ കുപ്പ്‌വാര ജില്ലയിലെ എഎസ്പിയാണെന്നാണ് പലരെയും തെറ്റിധരിപ്പിച്ചത്. ഈ രേഖയും വിപിൻ വ്യാജമായി നിർമിച്ചതാണ്. ഇന്റർനെറ്റിൽ നിന്നും കുപ്‌വാര ജില്ലയിലെ എഎസ്പിയുടെ ലെറ്റർപാഡ് ഡൗൺലോഡ് ചെയ്തെടുത്ത ശേഷമാണ് വ്യാജൻ നിർമിച്ചത്. 

സീലുകളും വ്യാജമായി നിർമിക്കാൻ വിപിൻ വിദഗ്ധനായിരുന്നുവെന്ന് ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു. പലയിടത്തും പല ജോലികളാണ് പറഞ്ഞത്. കാറുകൾ മാത്രമല്ല വിലകൂടിയ മൊബൈൽ ഫോണുകളും വിപിൻ വാങ്ങിയിട്ടുണ്ട്.

പൊലീസുകാരുമായി അടുപ്പം സ്ഥാപിക്കുമെങ്കിലും ബോധപൂർവ്വം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അകലം പാലിച്ചിരുന്നു. ജിമ്മിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വരുന്ന സമയം മനസിലാക്കി അവർ വരുന്ന സമയം മനപൂർവ്വം ഒഴിവാക്കാറുണ്ടെന്നും ഡിഐജി വെളിപ്പെടുത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ഒഴിവാക്കാനായിരുന്നു ഇത്. തലശേരി ജയിലിൽ നാലുമാസത്തോളം തട്ടിപ്പ് കേസിന് വിപിൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിർ 15 ഓളം കേസുകൾ വിപിന്റെ പേരിലുണ്ടെന്നും ഡിഐജി വ്യക്തമാക്കി.