ഈനാംപേച്ചിയും പറ്റിച്ചേർന്ന് ഒരു ദിവസം പ്രായമുള്ള കുഞ്ഞും; അപൂർവദൃശ്യങ്ങൾ

ലോകത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന മൃഗമാണ് 30 മുതൽ 100 സെന്റീമീറ്റർ വരെ മാത്രം നീളമുള്ള ഈനാംപേച്ചി.  ഒരു ഈനാംപേച്ചിയുടെയും അതിന്റെ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.  

ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാൽ ഈനാംപേച്ചികൾക്ക് കാഴ്ചശക്തി കുറവാണ്. കൂടാതെ ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങൂ. കേൾവിശക്തിയും ഘ്രാണശക്തിയും പക്ഷേ അപാരമാണ്. നീളൻ നാവുപയോഗിച്ച് ഭക്ഷണമാക്കുന്നതാകട്ടെ ചിതലുകളെയും ഉറുമ്പുകളെയും. ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി ഇവയെ കൊന്നൊടുക്കുകയാണ് പതിവ്.

ലോകത്താകെ എട്ടിനം ഈനാംപേച്ചികളാണഉള്ളത്. ഇവയെല്ലാം തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിലുണ്ട്. കേരളത്തിലും അപൂർവമായി ഇവയെ കാണാം.