മടൽ മൈക്കായി; കീറിയ പന്ത് മാറ്റാൻ പിരിവ്; മീറ്റിങ്; പ്രസംഗം; ഹൃദ്യ വിഡിയോ

പ്രിയമുള്ളവരെ, ബഹുമാനപ്പെട്ട അധ്യക്ഷൻ, സെക്രട്ടറി, കൂട്ടായ്മയിലെ മറ്റ് അംഗങ്ങളെ പ്രിയ സുഹൃത്തുക്കളെ, നമ്മൾ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചർച്ചചെയ്യാനാണ്. നിങ്ങൾക്ക് അറിയാമല്ലോ, നമുക്ക് കളിക്കാൻ ഒരു പന്തില്ല. ഉണ്ടായിരുന്ന പന്ത് കീറിപ്പോയി. അതുപോലെ നമുക്ക് കളിക്കുമ്പോൾ ഇടാൻ ഒരു ജഴ്സിയില്ല. ഇൗ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ഇൗ കൂട്ടായ്മ വിളിച്ചുകൂട്ടിയത്. നിങ്ങൾ ഇൗ ആഴ്ചകളിൽ മിഠായി വാങ്ങാൻ ഉപയോഗിക്കുന്ന പണം കൂട്ടിവച്ച് ഇൗ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ലക്ഷ്യം. മിഠായി കഴിച്ച് പല്ലു ചീത്തയാവില്ല എന്നതും ഇതിൽ മുഖ്യമാണ്.  അതിന് എല്ലാവരും സഹകരിക്കണം. ഇൗ തീരുമാനത്തോട് എതിർപ്പുള്ളവർക്ക് ഇപ്പോൾ പറയാം. ഇല്ലെങ്കിൽ കയ്യടിച്ച് പാസാക്കാം. മുന്നിലിരുന്ന പത്തോളം വരുന്ന സംഘത്തിന്റെ കയ്യിൽ നിന്നും ഉയർന്നതിനെക്കാൾ കയ്യടി ഉയരുകയാണ് സമൂഹമാധ്യമങ്ങളിൽ.

സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഹൃദ്യമായ ഇൗ വിഡിയോ പങ്കുവച്ചത്. കളിക്കളങ്ങൾ നഷ്ടമാകുന്നു എന്ന് വിലപിക്കുന്നവർ ദേ ഇൗ വിഡിയോ കാണണം. ഒരു പന്തുവാങ്ങുന്ന കാര്യം ചർച്ചചെയ്യാൻ മടൽ കുത്തി വച്ച് മൈക്കുണ്ടാക്കി. അധ്യക്ഷനും സെക്രട്ടറിക്കും ഇരിക്കാൻ അയൽവക്കത്തെ വീട്ടിൽ പോയി കസേര കടം വാങ്ങി. നിലത്തിരുന്ന് അവർ വിഷയം ചർച്ചചെയ്തു. അഭിപ്രായങ്ങൾ മൈക്കിന് മുന്നിൽ തുറന്നു പറഞ്ഞു. വിയോജിപ്പുകളെ ചോദിച്ചറിഞ്ഞു. അഭിപ്രായം പറയാനെത്തിയവൻ വേദിയിൽ പകച്ചപ്പോൾ ‘ഒാന് അൽപം വിറയലൊക്കെ ഉണ്ട്. അതു സാരമില്ല..’ എന്നു പറഞ്ഞ് ചേർത്ത് പിടിക്കുന്ന സെക്രട്ടറി. ഒാരോ മലയാളിയുടെയും ഗൃഹാതുരതയെ കൂടിയാണ് ഇൗ കുട്ടികൾ ഇങ്ങനെ അയൽക്കൂട്ടം പോലെ വിളിച്ചുചേർക്കുന്നത്. ഇൗ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ കേരളം ഏറ്റെടുത്തിരിക്കുകയാണ്.  കാണാം സൗഹൃദക്കൂട്ടത്തിന്റെ ഔപചാരികത.