2 വർഷം 28 കാറുകൾ; പൊലീസിനോട് ശുപാർശ;'ഐപിഎസു'കാരൻ കുടുങ്ങി

ജമ്മു കശ്മീർ കേഡറിൽ പൊലീസ് സൂപ്രണ്ടാണെന്നു ബോധ്യപ്പെടുത്താൻ വ്യാജരേഖകൾ കാട്ടി. അമ്മയുടെയും മകന്റെയും വാക്ചാതുരിയിലാണു ബാങ്കുകാർ പെട്ടുപോയത്. ആദ്യം കാരക്കാടും പിന്നീട് മമ്മിയൂർ നാരായണംകുളങ്ങരയിലും വാടകയ്ക്കെടുത്ത ഫ്ലാറ്റുകളിൽ താമസിച്ചു. ഈ ഫ്ലാറ്റുകളുടെ വിലാസത്തിൽ ആധാർ കാർഡെടുത്തു.

അമ്മ ശ്യാമളയെ കോഴിക്കോട്ടുള്ള വീടുവളഞ്ഞാണു പൊലീസ് പിടികൂടിയത്. വിപിൻ കാർത്തിക്കിനായി അന്വേഷണം ഊർജിതമാക്കി.സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്ര, അസി. കമ്മിഷണർ ടി. ബിജു ഭാസ്കർ, ടെംപിൾ സ്റ്റേഷൻ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ, എസ്ഐ എ.അനന്തകൃഷ്ണൻ, എഎസ്ഐ പി.എസ്.അനിൽകുമാർ, സിപിഒമാരായ മിഥുൻ,സതീഷ്, പ്രിയേഷ്, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കാറിലും ബുള്ളറ്റിലും ഐപിഎസ് ഓഫിസറുടെ യൂണിഫോമിൽ നടന്ന വിപിന് പൊലീസിലും സുഹൃത്തുക്കളുണ്ടായി. ഗുരുവായൂർ ക്ഷേത്രനടയിൽ ഇടയ്ക്ക് യൂണിഫോമിൽ വന്നിരുന്നു.ഐപിഎസ് ഓഫിസർ എന്ന നിലയിൽ പൊലീസിനെ ശുപാർശയ്ക്കായും വിളിച്ചു തുടങ്ങി. ഉന്നത ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ മമ്മിയൂരിൽ താമസിക്കുന്ന ‘ഐപിഎസു’കാരനെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചു. വ്യാജനെന്നു ബോധ്യമായി. കഴിഞ്ഞ 8ന് ടെംപിൾ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പൊലീസ് ആക്ട് അനുസരിച്ച് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്.

രണ്ടുവർഷം കൊണ്ടു ബാങ്കുകളെ പറ്റിച്ചു ശ്യാമളയും മകനും വാങ്ങിയത് 28 കാറുകൾ. അതിൽ 27 എണ്ണവും വിറ്റു. ഗുരുവായൂരിൽ നിന്നു മാത്രം വാങ്ങിയത് 12 കാറുകൾ. ശമ്പള സർട്ടിഫിക്കറ്റും സാലറി അക്കൗണ്ടിലെ ലക്ഷക്കണക്കിനു രൂപയുടെ ബാലൻസ് ഷീറ്റും കാണിച്ചാണു വായ്പ സംഘടിപ്പിച്ചത്.  ഒപ്പം യൂണിഫോമിലുള്ള ഫോട്ടോയും നൽകും. കൃത്യമായി തിരിച്ചടച്ചിരുന്നതിനാൽ ബാങ്കുകൾക്കും പ്രയാസമുണ്ടായില്ല.

എന്നാൽ ലഭിച്ച ശമ്പള സർട്ടിഫിക്കറ്റോ ബാങ്ക് സ്റ്റേറ്റ്മെന്റോ ബാങ്കുകൾ പരിശോധിച്ചില്ല. ഒരു ബാങ്കിൽ നിന്ന് അമ്മയും മകനും ഓരോ കാർ വീതം വായ്പയിൽ എടുക്കും.കാർ വിൽക്കാൻ ബാങ്കിലെ ലോൺ അടച്ചു തീർത്ത വ്യാജരേഖയുണ്ടാക്കി ആർടി ഓഫിസിൽ നൽകും. ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങും. വിറ്റുകിട്ടുന്ന തുകയിൽ നിന്നു ബാങ്കിലെ ഗഡുക്കൾ വീഴ്ച കൂടാതെ അടയ്ക്കും. അതിനാൽ ഇതുവരെ ഒരു ബാങ്കും പരാതിപ്പെട്ടില്ല. 

പൊലീസ് സ്റ്റേഷനുകളിലും അമ്പലപരിസരത്തും പൊലീസ് സൂപ്രണ്ടിന്റെ വേഷത്തിൽ കറങ്ങിയ വിപിൻ കാർത്തിക് ഇതിനായി ബുള്ളറ്റും വാങ്ങിയിരുന്നു. ഇതും ബാങ്കിൽ നിന്നു തട്ടിപ്പിലൂടെ വായ്പ സംഘടിപ്പിച്ച്. അമ്മ ശ്യാമളയും സംസാരിച്ച് ആളെ വീഴ്ത്തി. കാറിനു വായ്പയെടുക്കാനെത്തിയാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ വനിതാ മാനേജരെ പരിചയപ്പെട്ടത്. കൃത്യമായ ഇടപാടുകൾ മൂലം ബന്ധം വളർന്നപ്പോൾ ശ്യാമള മകനെ കാൻസർ രോഗിയായി അവതരിപ്പിച്ചു. ചെലവേറിയ ചികിത്സയാണെന്നു പറഞ്ഞു സഹതാപം നേടി പലപ്പോഴായാണ് 97 പവനും 25 ലക്ഷവും കൈക്കലാക്കിയത്.