കണ്ടവര്‍ അലറിവിളിച്ചു, കുനിഞ്ഞിരുന്നെങ്കിലും അഭീലിന്റെ നെറ്റി തകര്‍ന്നു; അപകടം വന്ന വഴി

ഒക്ടോബർ 4 ഉച്ചയ്ക്കു 12:10: പാലാ നഗരസഭാ സ്റ്റേഡിയം

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ്. അണ്ടർ 18 വിഭാഗം പെൺകുട്ടികളുടെ ഹാമർത്രോ മത്സരം. 40 അടി ഉയരത്തിൽനിന്നു പറന്നു വന്ന 3 കിലോ ഭാരമുള്ള ലോഹഗോളം അഭീൽ ജോൺസന്റെ നെറ്റിയിൽ വീണു.

ഹാമർ ത്രോ മത്സരവേദിക്കു സമീപം നടന്ന ജാവലിൻ ത്രോ മത്സരത്തിൽ സഹായിയായി നിൽക്കുകയായിരുന്ന അഭീൽ. ഹാമർ പറന്നു വരുന്നതു കണ്ട് സമീപത്തു നിന്നവർ അലറി വിളിച്ചപ്പോൾ തല താഴ്ത്തി കുനിഞ്ഞിരുന്നെങ്കിലും അഭീലിന്റെ നെറ്റിയുടെ ഇടതുഭാഗം തകർത്ത് ഹാമർ പതിച്ചു.

അപകട കാരണം

ഒരേ സമയത്ത് അടുത്തടുത്തായി രണ്ടു ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതായിരുന്നു അപകടകാരണം. വനിതാ ഹാമർ ത്രോ ഏരിയയുടെ അടുത്തുതന്നെയായിരുന്നു അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും നടന്നത്. രണ്ടു ത്രോ ഇനങ്ങളുടെയും ഫീൽഡുകൾ (ഏറ് പതിക്കുന്ന സ്ഥലം) ഒരിടം തന്നെയായിരുന്നു

ഹാമർ ത്രോയിൽ ഒരു ഏറ് കഴിഞ്ഞാൽ ജാവലിൻ ത്രോയിൽ ഒരു ഏറ് എന്ന ക്രമത്തിലായിരുന്നു മത്സരം നടന്നത്. ഹാമറും ജാവലിനും തിരികെ എടുത്തു കൊടുക്കേണ്ട കുട്ടികൾ ഫീൽഡിലുണ്ടായിരുന്നു. അവരിലൊരാളായിരുന്നു അഭീൽ.

ഹാമർ ത്രോ മത്സരം

ഇരുമ്പുകമ്പിയിൽ ഘടിപ്പിച്ച ലോഹഗോളം ചുഴറ്റി എറിയുന്ന കായിക ഇനമാണു ഹാമർത്രോ. ഇരുമ്പുതൂണുകളിൽ ഉറപ്പിച്ച വലയ്ക്കുള്ളിൽനിന്നാണ് ഹാമർ പുറത്തേക്ക് എറിയേണ്ടത്. ഗ്രൗണ്ടിൽ നിശ്ചിത മേഖലയിൽ പതിക്കുന്ന ത്രോയുടെ ദൂരം അളന്നാണു വിജയിയെ നിശ്ചയിക്കുന്നത്.

പ്രാര്‍ഥനകള്‍ വിഫലം

പതിനെട്ടു  ദിവസത്തെ പ്രാർഥന വിഫലം; അഭീൽ യാത്രയായി. പാലായിൽ ഈ മാസം നാലിനു സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച വിദ്യാർഥി അഭീൽ ജോൺസൺ (16) മരണത്തിനു കീഴടങ്ങി. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് ജോൺസൺ ജോർജിന്റെയും ഡാർളിയുടെയും ഏക മകനാണ്; പാലാ സെന്റ് തോമസ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി.