അന്നമ്മയുടെ ഓർമകളിലേക്ക് സമ്മാനവിശേഷങ്ങളുമായി ഓടിവരുന്ന കൊച്ചുമകൻ

മൂന്നിലവ് (ഈരാറ്റുപേട്ട) : ഫുട്ബോളിൽ ഉയരങ്ങളിലേക്കുള്ള ആദ്യ പടി ചവിട്ടിയതിന്റെ സന്തോഷം തറവാട്ടിലേക്ക് ഓടി വന്ന് അറിയിച്ച കൊച്ചുമകനെ ഓർത്താണ് അന്നമ്മ ഇന്നലെ കരഞ്ഞത്. അഭീലിന്റെ അച്ഛൻ ജോൺസന്റെ അമ്മയാണ് അന്നമ്മ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രാസ്റൂട്ട് അക്കാദമിയായിരുന്ന സ്കോർ ലൈനിന്റെ പരിശീലന ക്യാംപിൽ അംഗത്വം കിട്ടിയ സന്തോഷമാണ് അഭീൽ പങ്കുവച്ചത്.അഭീലിന്റെ വീട് ചൊവ്വൂർ പള്ളിക്കു സമീപമാണ്. അവിടെ നിന്ന് അരക്കിലോ മീറ്റർ അകലെയാണു തറവാട്. എന്തു സമ്മാനം കിട്ടിയാലും ആ വിശേഷം പറയാൻ തറവാട്ടിലേക്ക് ഓടിവരുമായിരുന്നു അഭീൽ എന്നു ജോൺസന്റെ അമ്മ.

മൂന്നിലവ് പഞ്ചായത്തിലെ മുൻ അംഗമാണ് അന്നമ്മ ജോർജ്. വീട്ടിലെ അലമാര നിറയെ അഭീലിനു കിട്ടിയ മെഡലുകളുണ്ട്. പത്താം ക്ലാസിൽ 89% മാർക്ക് വാങ്ങിയാണ് അഭീൽ ജയിച്ചത്. കർഷകകുടുംബമാണു ജോൺസന്റേത്. ഫുട്ബോളിലാണ് അഭീലിനു താൽപര്യം എന്നറിഞ്ഞതോടെ ജോൺസണും ഭാര്യ ഡാർളിയും അതിനു വേണ്ട എല്ലാപിന്തുണയും നൽകി. മൂന്നിലവ് നവജ്യോതി സ്കൂളിൽ ആറാം ക്ലാസ് മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങിയതാണ് അഭീൽ. ചൊവ്വൂർ ഗ്രാമവും അഭീലിനു വേണ്ടി പ്രാർഥനയിലായിരുന്നു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച പ്രത്യേക പ്രാർഥന നടത്തിയിരുന്നു. ഞായറാഴ്ചയും എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥനകളും ആരാധനയും നടത്തി.

സ്കൂളിൽ ഇന്ന് പൊതുദർശനം

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അഭീൽ ജോൺസന്റെ മൃതദേഹം ഇന്നു 11.30നു സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. മാർ ജേക്കബ് മുരിക്കന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രാർഥനകൾക്കു ശേഷം മൃതദേഹം സ്വദേശമായ മൂന്നിലവ് ചൊവ്വൂരിലേക്കു കൊണ്ടുപോകും. ചൊവ്വൂർ പള്ളിക്കു സമീപമാണ് അഭീലിന്റെ വീട്. വൈകിട്ട് നാലിനു ചൊവ്വൂർ സെന്റ് മാത്യൂസ് പള്ളിയിൽ സംസ്കാരം നടത്തും.

മുഖ്യമന്ത്രി അനുശോചിച്ചു

∙ കായികമേളയ്ക്കിടെ പരുക്കേറ്റ അഭീൽ ജോൺസന്റെ മരണം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

∙ അഭീൽ ജോൺസന്റെ അകാല നിര്യാണത്തിൽ മാണി സി. കാപ്പൻ എംഎൽഎ അനുശോചിച്ചു. 

∙ ജില്ലാ അക്വാട്ടിക് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.