‘അമ്മയുടെ പാൽ കുടിച്ച് അരയ്ക്ക് താഴേക്ക് തളർന്നു’; ക്രൂരതയുടെ ഇര; കൂടത്തായിക്ക് മുൻപേ കരിമ്പ

കേരളത്തെ ഞെട്ടിച്ച് കൂടത്തായി കൊലപാതകം ചുരുളഴിയുമ്പോൾ, സമാന രീതീയിലെ മറ്റ് പല കൊലപാതകപരമ്പരകളും മലയാളികളുടെ ഓർമകളിൽ നിറയുകയാണ്. കരിമ്പ, കേരളത്തെ ഞെട്ടിച്ച കൊലപാതകപരമ്പരകളായിരുന്നു അവിടെ നടന്നത്. മാനിറച്ചിയിൽ വിഷം ചേർത്തും നിറയൊഴിച്ചുമായിരുന്നു കൊലപാതകങ്ങൾ. 

46 വർഷങ്ങൾക്ക് മുൻപ്... 1973 ജൂൺ 7, ഒരു വീട്ടിൽ ആറു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൂടത്തായിൽ ആട്ടിൽ സൂപ്പിൽ സയനൈഡ് ആയിരുന്നെങ്കിൽ ഇവിടെ മാനിറച്ചിയിലായിരുന്നു വിഷം. കരിമ്പ പുല്ലേരി ചെറുപറമ്പിൽ ജോണിൻറെ ഭാര്യ സാറ, മക്കളായ ജോൺ, സാലി, തോമസ്,ബാബു എന്നിവരും വീട്ടുജോലിക്കാരനായ കുഞ്ഞേലനുമാണ് മരിച്ചത്. വിഷം ചേർത്ത മാനിറച്ചി കഴിച്ച  അവശരായവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരണപ്പെട്ടു. ജോൺ കുറെ നാളത്തെ ആശുപത്രിവാസത്തിനുശേഷമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. എന്നാൽ സംഭവത്തിലെ ഇന്നത്തെ ജീവിക്കുന്ന ദൃക്സാക്ഷിയാണ് ഇളയമകൻ. വിഷം ചേർന്ന ഭക്ഷണം കഴിച്ച അമ്മയുടെ പാൽ കുടിച്ച മകൻ അരയ്ക്ക് താഴേക്ക് തളർന്നു. ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി അവശേഷിക്കുന്നു.

ഭക്ഷ്യവിഷബാധ എന്ന രീതിയിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ സംശയവും പ്രതിഷേധവും ശ്കതമായതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതോടെ ചുരുളഴിഞ്ഞത് കൊലപാതകപരമ്പ തന്നെയായിരുന്നു. ജോണിന്‍റെ കുടുംബവുമായി പകയുണ്ടായിരുന്നയാൾ മറ്റൊരു സ്ത്രീയെ ഉപയോഗിച്ച് മാനിറച്ചിൽ വിഷം ചേർക്കുകയായിരുന്നു. ചാക്കോ എന്നയാളായിരുന്നു മുഖ്യ പ്രതി. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തെങ്കിലും എല്ലാവരെയും വിട്ടയച്ചു. എന്നാൽ കൊലപാതകങ്ങൾ അവിടെ അവസാനിച്ചില്ല. ഒരു ക്രിസ്മസ് രാത്രിയിൽ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ജോണിനെ ഒരു സംഘം ആളുകൾ വീട്ടിലെത്തി വെടിവെച്ചുകൊന്നു. 

ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നേരെയും നിറയൊഴിച്ചെങ്കിലും അവർക്കാർക്കും ജീവഹാനി സംഭവിച്ചില്ല. മാനിറച്ചിയിൽ വിഷം ചേർത്ത് കൊന്ന കേസിലെ പ്രതികൾ തന്നെയായിരുന്നു ഈ കേസിലെയും പ്രതികൾ. ചാക്കോ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിധി ശരിവെച്ചതോടെ കീഴടങ്ങി. 2002ൽ ജയിലിൽ വച്ച് അസുഖബാധിതമായി മരിക്കുകയായിരുന്നു ചാക്കോ.

കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് തുടരുകയാണ്. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി.

കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയാണ് തെളിവെടുപ്പ്.  രാവിലെ എട്ടേമുക്കാലോടെ ജോളിയെ വടകര വനിതാ സെല്ലില്‍ നിന്ന്   എസ്.പി ഓഫിസിലേക്ക് എത്തിച്ചു.   എസ്.പി ഓഫിസില്‍ ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 09 20 ന് ജോളിയുമായി അന്വേഷണസംഘം കൂടത്തായിയിലേക്ക്.  

ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട യാത്ര. 10.55ന്  ജോളിയുമായി പൊലീസ് പൊന്നാമറ്റം വീടിന്റെ ഗേറ്റിനുമുന്നില്‍. 

കൂക്കിവിളിച്ചെത്തിയ നീക്കാന്‍ പൊലീസ് ബലപ്രയോഗം.   നാട്ടുകാരെ നീക്കി ജോളിയുമായി പൊലീസ് വാഹനം പൊന്നാമറ്റം മുറ്റത്തേക്ക്.   ഗേറ്റ് അടച്ച ശേഷം വാഹനം കാര്‍പോര്‍ച്ചിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികളുമായി വന്ന വാഹനങ്ങളും മുറ്റത്തെത്തി.  പതിനഞ്ച് മിനിറ്റിനുശേഷം സീല്‍ ചെയ്തിരുന്ന വീടിന്റെ വാതില്‍ തുറന്ന്  ജോളിയെ അകത്തേക്ക്  കൊണ്ടുപോയി. 

ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി വിശകലനം ചെയ്ത് വീട്ടിനുളളിലും  പരിസരത്തും അരിച്ചുപെറുക്കിയുളള പരിശോധനയാണ് നടക്കുന്നത്.