'മാന്യമായി ജീവിച്ചാൽ വീട്ടിൽ ഉണ്ണാം'; സംഘടനാപ്രവർത്തനം അവസാനിപ്പിച്ച് ബജ്‌റംഗ്ദള്‍ നേതാവ്

കേസ് വന്നപ്പോൾ നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് ബജ്‌റംഗ്ദള്‍ നേതാവ് ഗോപിനാഥൻ കൊടുങ്ങലൂർ സംഘടന വിട്ടു. തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ് ഗോപിനാഥൻ. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരാ പ്രവൃത്തിയില്‍ ആണ് കാണിക്കേണ്ടതെന്ന് ഗോപിനാഥൻ വിമർശിച്ചു. മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ഗോപിനാഥൻ പരിഹസിച്ചു. താൻ സംഘടന പ്രവർത്തനം സ്വമേധയ നിർത്തുകയാണെന്നും കുറിപ്പിലൂടെ വ്യക്തമാക്കി. കുറിപ്പ് ഇങ്ങനെ;

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരാ പ്രവൃത്തിയില്‍ ആണ് കാണിക്കേണ്ടത്. ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം. രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു.

കഴിഞ്ഞവർഷം  ക്രിസ്ത്യൻ പാസ്റ്റർമാരെ കയ്യേറ്റം ചെയ്തതിലെ മുഖ്യപ്രതിയാണ് ഗോപിനാഥൻ. ഗോപിനാഥൻ സംഘടനവിടുകയാണെന്ന് കുറിപ്പിട്ടതിന് പിന്നാലെ നിരവധിപ്പേരാണ് പിൻതുണയുമായി എത്തിയിരിക്കുന്നത്.