അച്ഛന്റെ തോളിൽ വീണു കരഞ്ഞു; ആ സങ്കടകാലം ഒാർത്ത് പ്രിയങ്കചോപ്ര

താൻ നേരിട്ട പ്രയാസമേറിയ കാലത്തെ ഒാർത്തെടുക്കുകയാണ് നടി പ്രിയങ്കചോപ്ര. പ്രശസ്തയാകുന്നതിന് മുമ്പ്  അഭിനയ ജീവിതത്തിൽ നേരിട്ട അവഗണനകളെക്കുറിച്ചാണ് പ്രിയങ്കപറയുന്നത്. ' അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് എനിക്കായി പറഞ്ഞുവച്ച വേഷങ്ങൾ മറ്റു പലർക്കുമായി നൽകിയിട്ടുണ്ട്. രണ്ടു പ്രാവശ്യം മാറ്റിയത് കൃത്യമായി ഞാനോർക്കുന്നുണ്ട്. ഒരിക്കൽ ഒരു സഹപ്രവർത്തകൻ പറഞ്ഞാണ് എന്റെ വേഷം മറ്റൊരാൾക്ക് കൊടുത്തത് ഞാനറിഞ്ഞത്. 

അന്ന് ആ സങ്കടം മുഴുവൻ അച്ഛന്റെ തോളിൽ വീണ് കരഞ്ഞു തീർക്കുകയായിരുന്നു.'' 'എന്തുകൊണ്ട് ഞാൻ എന്ന ചോദ്യത്തോടെ കരഞ്ഞു തളർന്ന എന്നോട് ഇക്കാര്യത്തിൽ നീ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അടുത്ത ചിത്രം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാനെനിക്കു തന്നെ ഞാൻ ഉറപ്പു നൽകി. ഈ മേഖലയെക്കുറിച്ച് നന്നായി പഠിക്കുമെന്നും. ചിലപ്പോൾ ചിത്രങ്ങൾ നന്നായില്ലെങ്കിൽപ്പോലും ആ ചിത്രത്തിലെ എന്റെ പ്രകടനം നന്നാക്കാൻ ‌ഞാൻ ശ്രമിച്ചു.

'ചിലർ അധികാരങ്ങൾ ദുരുപയോഗപ്പെടുത്തിയതിന്റെ പേരിൽ കരാറായ ചിത്രങ്ങളിൽ നിന്നുവരെ തുടക്കകാലത്ത് ഞാൻ പുറത്തായിട്ടുണ്ട്. ചിലരുടെയൊക്കെ പെൺസുഹൃത്തുക്കൾക്കുവേണ്ടിയുള്ള ശുപാർശകളുടെ പേരിലായിരുന്നു അതൊക്കെയും. എനിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ശക്തനായ ഒരു പുരുഷന്റെ പ്രതിശ്രുതവധുവോ അടുപ്പക്കാരിയോ ആകാത്തതുകൊണ്ട് പലപ്പോഴും പല ചിത്രങ്ങളിൽ നിന്നും അവസാന നിമിഷം ഞാൻ പുറത്തായിട്ടുണ്ട്. സംവിധായകന്റെോ നായകന്റെയോ പെൺസുഹൃത്തുക്കൾക്കും കാമുകമാർക്കും വേണ്ടി എന്റെ വേഷങ്ങൾ പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്''.- പ്രിയങ്ക പറയുന്നു.

'' എന്താണ് മനസ്സിൽ തോന്നുന്നതെന്ന് മനസ്സിലാക്കാനായി കുറച്ചു ദിവസങ്ങൾ ചിലവഴിച്ചു. ഞാൻ ശക്തയാണ്, ധീരയാണ്. കരുത്തുള്ള ഒരു പെൺകുട്ടിയായാണ് എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയിരിക്കുന്നത്. പക്ഷേ അതിന്റെയർഥം എന്റെ വികാരങ്ങൾ ഒരിക്കലും മുറിപ്പെട്ടിട്ടില്ല എന്നല്ല, സമ്മർദ്ദം, അരക്ഷിതാവസ്ഥ എന്നീ വികാരങ്ങളുള്ള മോശം ദിവസങ്ങളിലൂടെ കടന്നുപോയിട്ടില്ലെന്നുമല്ല. അത്തരം വികാരങ്ങളെ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കാൻ ഞാൻ തയാറായില്ല എന്നുമാത്രം. എപ്പോഴും എനിക്കു ചുറ്റും എന്നെ പിന്തുണയ്ക്കുന്ന ആളുകളുണ്ടായിരുന്നു'.