സയനൈഡ് ‘അദ്ഭുത വിഷം’; രുചി അജ്ഞാതം, രക്തത്തിനു തിളങ്ങുന്ന ചുവപ്പ്

തമിഴ്പുലികൾ ശക്തരായിരുന്ന കാലത്താണു സയനൈഡിനെപ്പറ്റി പലരും കേൾക്കുന്നത്. കഴുത്തിൽ മാലയിൽ സൂക്ഷിക്കുന്ന സയനൈഡ് ക്യാപ്സ്യൂൾ കടിച്ചുപൊട്ടിക്കുന്നതോടെ തൽക്ഷണം മരണം സംഭവിക്കുന്നു. രുചി എന്തെന്നു പോലും അറിയാത്ത ‘അദ്ഭുത വിഷം.’ സ്വർണാഭരണ നിർമാണം ഉൾപ്പെടെ വ്യവസായ ആവശ്യത്തിനാണു സയനൈഡ് ഉപയോഗിക്കുന്നത്.

∙ പൊട്ടാസ്യം സയനൈഡ്, സോഡിയം സയനൈഡ് എന്നിവയാണു ജീവനൊടുക്കാൻ ദുരുപയോഗിക്കുന്നത്. സയനൈഡ് ഉമിനീരുമായി ചേരുമ്പോൾ ഹൈഡ്രോസയനിക് ആസിഡ് ആകും. ശരീരത്തിന്റെ ആന്തരിക ശ്വസനം തടയുകയാണ് അനന്തരഫലം. എല്ലാ കോശങ്ങളും ഓക്സിജൻ ഉപയോഗിക്കുന്നതു തടയപ്പെടുന്നതോടെ മരണം.

∙ മരണം എത്ര വേഗമെന്നതു സയനൈഡിന്റെ ശുദ്ധതയും അളവുമായി ബന്ധപ്പെട്ടാണ്. ശുദ്ധമായ പൊട്ടാസ്യം സയനൈഡ് ആണെങ്കിൽ ഒരു ഗ്രാമിന്റെ പകുതിയിൽ താഴെമതി മരണത്തിന്; ഹൈഡ്രജൻ സയനൈ‌ഡ് ആണെങ്കിൽ ഒരു ഗ്രാമിന്റെ പത്തിലൊന്നിൽ താഴെയും. അത്ര ശുദ്ധമല്ലാത്ത സയനൈഡ് ഉപയോഗിച്ച സംഭവങ്ങളിൽ ആളുകളെ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

∙ സയനൈഡ് ഉപയോഗിച്ചു മരിച്ചയാളുടെ രക്തത്തിനു തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പോസ്റ്റ്മോർട്ടം സമയത്തു പ്രത്യേക ഗന്ധം പലപ്പോഴും കിട്ടാറുണ്ട്.