കോലി പൂജ്യത്തിന് പുറത്തായാൽ അനുഷ്കയെ പഴിക്കുന്നത് എന്തിന്? സാനിയ

ക്രിക്കറ്റ് കളത്തിൽ ഇന്ത്യൻ‌ നായകൻ വിരാട് കോലി പൂജ്യത്തിന് പുറത്താകുമ്പോൾ ഭാര്യ അനുഷ്ക ശർമയെ പഴിക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോ? വിദേശ പര്യടനങ്ങളിൽ ഉൾപ്പെടെ അനുഷ്ക ശർമ ഒപ്പമുള്ളതുകൊണ്ട് കോലി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? അനുഷ്ക കൂടെയുള്ളതുകൊണ്ടു മാത്രം കോലിയുടെ പ്രകടനം മോശമാകുന്നുണ്ടോ? ചോദ്യം ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടേതാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ച അതേ സാനിയ മിർസയുടേതു തന്നെ!

ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ഭാര്യമാരെയും പങ്കാളിമാരെയും യാത്ര ചെയ്യാൻ അനുവദിക്കാത്ത രീതിക്കെതിരെ പ്രതികരിക്കുമ്പോഴാണ് വിരാട് കോലിയുടെയും ഭാര്യ അനുഷ്ക ശർമയുടെയും ഉദാഹരണം സാനിയ ഉയർത്തിക്കാട്ടിയത്. താരങ്ങളുടെ പ്രകടനം മോശമാകുമ്പോൾ ഭാര്യമാരെയോ കാമുകിമാരെയോ കുറ്റം പറയുന്നതിൽ ഒരു അർഥവുമില്ലെന്നും സാനിയ അഭിപ്രായപ്പെട്ടു.

‘താരങ്ങളുടെ ശ്രദ്ധ മാറുമെന്ന ന്യായം പറഞ്ഞ് ഭാര്യമാരെയും പങ്കാളികളെയും ഒപ്പം യാത്ര ചെയ്യാനോ താമസിക്കാനോ അനുവദിക്കാത്ത പതിവ് നമ്മുടെ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടെ ഞാൻ കണ്ടിട്ടുണ്ട്. മറ്റ് കായിക ഇനങ്ങളിലും ഈ രീതിയുണ്ട്. അതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? ഇതിനു മാത്രം ഭർത്താക്കൻമാരുടെ ശ്രദ്ധ മാറ്റാൻ അവരുടെ ഭാര്യമാർ എന്താണ് ചെയ്യുന്നത്?’ – സാനിയ ചോദിച്ചു.

സ്ത്രീ ഒരു ശല്യമാണെന്ന ചിന്താഗതിയാണ് അതിനു പിന്നിലെന്നും ആ ചിന്തയ്ക്കും മാറ്റംവരുത്തണമെന്നും സാനിയ പറഞ്ഞു. ഇന്ത്യ ഇക്കണോമിക് സമ്മിറ്റിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഭാര്യമാർ ഒപ്പമുള്ളതു ഭർത്താക്കൻമാർക്കു കരുത്തുപകരുമെന്നും സാനിയ അഭിപ്രായപ്പെട്ടു. താൻ ടെന്നിസിലേക്ക് വരുന്ന കാലത്ത് പി.ടി.ഉഷ മാത്രമേ ഇന്ത്യൻ കായികരംഗത്തു പെൺകുട്ടികൾക്കു മാതൃകയായി ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പി.വി.സിന്ധു, സൈന നെഹ്‍വാൾ, ദിപ കർമാക്കർ തുടങ്ങി ഒട്ടേറെപ്പേരുണ്ടെന്നും സാനിയ പറഞ്ഞു.