കാത്തിരുന്ന് കിട്ടിയ കൺമണി കൊണ്ടുവന്ന ഭാഗ്യം; റോണിയുടെ ഓണം ബംപര്‍ കഥ

ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ഒരു പങ്ക് തൃശൂരിലെ പറപ്പൂരിലും. പൂത്തൂർ വീട്ടിൽ ജോണിയുടെയും റോസിലിയുടെ മകൻ റോണി ഇനി പറപ്പൂരിലെ കോടീശ്വരൻ. ചുങ്കത്ത് ജ്വല്ലറിയുടെ കരുനാഗപ്പള്ളി ശാഖയിൽ ജീവനക്കാരനായ റോണി ജ്വല്ലറിയിലെ സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരുമായി ചേർന്നാണ് ബുധനാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തത്. ഇന്നലെ വൈകിട്ട് ഇവർ എടുത്ത ടിക്കറ്റിനാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചതെന്നറിഞ്ഞപ്പോൾ സുഹൃത്തുക്കളെല്ലാം ആഹ്ളാദത്തിന്റെ കൊടുമുടിയിലായി.

ഒന്നാം സമ്മാനം നേടിയ വിവരം അറിയുമ്പോൾ റോണി കരുനാഗപ്പള്ളിയിലാണെങ്കിലും റോണിയുടെ പറപ്പൂരിലെ വീട്ടിലും ആഹ്ളാദം അലയടിച്ചു. ബന്ധുക്കളും അയൽവാസികളും വാർത്തയറിഞ്ഞ് നേരിട്ട് വീട്ടിലെത്തി അനുമോദനങ്ങൾ അറിയിച്ചു. എല്ലാവർക്കും മധുരം വിളമ്പിയാണ് കുടുംബാംഗങ്ങൾ സന്തോഷം പങ്കിട്ടത്. റോണിയുടെ നാല് മാസം പ്രായമുള്ള മകൾ കാതറിൻ കൊണ്ടുവന്ന ഭാഗ്യമാണിതെന്നാണ് വീട്ടുകാർ പറയുന്നത്. 7 വർഷം മുൻപ് മറ്റം സ്വദേശിനിയായ ഷിംസിയെ വിവാഹം കഴിച്ച റോണി ഇതുവരെ കുഞ്ഞുങ്ങളുണ്ടാകാത്ത സങ്കടത്തിലായിരുന്നു. ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞ് കാതറിനാണ് ഇപ്പോൾ ഇൗ വീടിന്റെ ഐശ്വര്യം.