ലാന്‍ഡറെ കണ്ടെത്താനുള്ള ശ്രമം വിഫലം; ചിത്രം പകര്‍ത്താന്‍ സാധിച്ചില്ലെന്ന് നാസ

വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നതിനായി നിശ്ചയിക്കപ്പെട്ടിരുന്ന ചന്ദ്രനിലെ ഭാഗത്തെ ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും ലാന്‍ഡറിനെ കണ്ടെത്താനായില്ലെന്ന് നാസ. ഉയര്‍ന്ന പിക്സല്‍ ചിത്രങ്ങളായിട്ട് കൂടി വിക്രത്തെ കണ്ടെത്താന്‍ നാസയ്ക്കും കഴിയാതായതോടെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച മട്ടാണ്. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്ററാണ് ചന്ദ്രന്റെ ദക്ഷിണ ഭാഗത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ തീരുമാനിച്ച ഭാഗത്തെ ചിത്രമാണ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. വെളിച്ചം തീരെ കുറഞ്ഞ ഭാഗമായതും വിക്രത്തെ കണ്ടെത്തുന്ന ദൗത്യം ശ്രമകരമാക്കി.

ഈ മാസം ആദ്യമാണ് ചന്ദ്രന്റെ ദക്ഷിണ ഭാഗത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിെട വിക്രം ലാന്‍‍ഡറിന് ഐഎസ്ആര്‍ഒയിലെ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായത്. അന്ന് മുതല്‍  ഈ ദിവസം വരെ വിക്രമുമായുള്ള ബന്ധം വീണ്ടെടുക്കാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ശാസ്ത്ര സംഘം.