ഒന്ന് മീൻ വെട്ടി; സ്വർണവളയുടെ നിറം മാറി ഒടിഞ്ഞു

ചന്തയിൽനിന്നു വാങ്ങിയ മീൻ മുറിച്ചു കഴുകിയ റിട്ട.അധ്യാപികയുടെ കയ്യിൽക്കിടന്ന സ്വർണവളകൾക്കു നിറംമാറ്റം. അലൂമിനിയത്തിന്റെ നിറത്തിലേക്ക് മാറിയ വളകളിൽ ഒന്ന് ഒടിയുകയും ചെയ്തു. റിട്ട.അധ്യാപിക തെക്കുംപുറം രവിനിവാസിൽ സുലോചനഭായി കഴിഞ്ഞ ദിവസം പുത്തൂർ പടിഞ്ഞാറെ ചന്തയിൽ നിന്നു വാങ്ങിയ കിളിമീൻ കുറച്ചു കറി വച്ച ശേഷം ബാക്കി ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടു മൂന്നരയോടെ ബാക്കിയുള്ള മീൻ കറി വയ്ക്കാനെടുത്തു. ഇതു മുറിച്ചു കഴുകി കുറച്ചു കഴിഞ്ഞപ്പോഴാണ് കയ്യിൽക്കിടന്ന 2 സ്വർണവളകളുടെ പകുതിയോളം അലൂമിനിയം നിറത്തിലേക്കു മാറിയത്. ഒരു വളയുടെ നിറം മാറിയ ഭാഗം  ഒടിയുകയും ചെയ്തു. ആദ്യദിവസം കറിവച്ചു കഴിച്ചതിൽ അസ്വാഭാവികത തോന്നിയില്ലെങ്കിലും ഇന്നലെ വളയുടെ നിറംമാറിയതോടെ ബാക്കി മീൻ ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതർക്കു പരാതി നൽകാനുള്ള നീക്കത്തിലാണു വീട്ടുകാർ. പുത്തൂർ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു മുൻപും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ട്. എന്നിട്ടും അധികൃതർ മൗനം തുടരുന്നതിൽ പ്രതിഷേധം ശക്തമാണ്.