ലോട്ടറിയിൽ വെള്ളം വീണു; ഭാഗ്യം മാഞ്ഞു; തുക ലഭിച്ചില്ല; നിരാശ

ലോട്ടറിയിൽ വെള്ളം വീണ് ബാർ കോഡ് മാഞ്ഞു. മുട്ടം സ്വദേശിക്ക് ലോട്ടറിയടിച്ച തുക കിട്ടിയില്ല. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ 1,000 രൂപയാണ് മുട്ടം സ്വദേശിക്ക് ലഭിച്ചത്. എന്നാൽ ചെറുതായി വെള്ളം നനഞ്ഞ് ടിക്കറ്റിന്റെ ബാർ കോഡിന്റെ ഭാഗം മാഞ്ഞു. ഇതിനാൽ തുക നൽകാനാവില്ലെന്ന് ലോട്ടറി അധികൃതർ അറിയിച്ചു. 30 രൂപയുടെ   ടിക്കറ്റ് അടിക്കുമ്പോൾ   നിലവാരം കുറഞ്ഞ മഷി ഉപയോഗിക്കുന്നതിനാലാണ് ചെറുതായി വെള്ളം പറ്റിയാൽ ഉടൻ അച്ചടി മായുന്നത്.

ലോട്ടറി വിൽപന ചൂതാട്ടമാക്കി തൊടുപുഴയിൽ സെയിം നമ്പർ തട്ടിപ്പ് നടത്തുന്നതായി പരാതി. 5000 രൂപ മുതൽ താഴേക്കുള്ള സമ്മാനങ്ങൾ അവസാന 4 അക്കങ്ങൾക്കാണു നൽകുന്നത്. ഇത്തരത്തിൽ അവസാന 4 അക്കങ്ങൾ ഒരുപോലെ വരുന്ന 24,36, 48 ടിക്കറ്റുകൾ മുതൽ 100 ടിക്കറ്റുകൾ വരെ ബണ്ടിലാക്കിയാണ് വിൽപന. കേരള ലോട്ടറിയുടെ വിവിധ സീരിയലുകളിലെ 12 എണ്ണം വീതം ഉള്ള ടിക്കറ്റുകളാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. ഇതിൽ കൂടുതൽ ടിക്കറ്റുകൾ സെറ്റാക്കി വിൽപന നടത്തരുത് എന്നാണ് ചട്ടം. വിവിധ നമ്പറുകളിലുള്ള ടിക്കറ്റുകൾ ഇതേ രീതിയിൽ സെറ്റാക്കി വിൽക്കുന്നത് കഴിഞ്ഞ വർഷം നിരോധനം ഏർപ്പെടുത്തിയിരുന്നു.

ടിക്കറ്റിന്റെ അവസാനത്തെ 4 അക്കങ്ങൾ ഒരുപോലെ സെറ്റാക്കി വിൽപന നടത്തുമ്പോൾ ഇഷ്ട നമ്പറുകൾ കെട്ടുകണക്കിനു വാങ്ങുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ടിക്കറ്റ് വിൽക്കുന്നത് ചൂതാട്ട സ്വഭാവമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത് നിരോധിച്ചത്. എന്നാൽ തൊടുപുഴയിൽ ചിലയിടങ്ങളിൽ ഇത്തരത്തിൽ സെയിം നമ്പർ ടിക്കറ്റുകൾ വിൽപന നടത്തുന്നുണ്ട്. ടിക്കറ്റിനു പിന്നിൽ വിൽപന നടത്തുന്ന ഏജന്റിന്റെ സീൽ പതിക്കണം എന്നു നിയമം ഉണ്ട്. എന്നാൽ ഇത്തരം സെറ്റാക്കി വിൽപനയ്ക്ക് എത്തിക്കുന്ന ടിക്കറ്റിൽ സീൽ പതിക്കാതെയാണ് വിൽപന നടത്തുന്നത്. 

പല ജില്ലകളിൽ നിന്നു വാങ്ങുന്ന ടിക്കറ്റുകൾ ഒന്നിച്ചുചേർത്തതുമാണ് സെയിം നമ്പറാക്കി വിൽപനയ്ക്ക് എത്തുന്നത്. ഇതിനു പിന്നിൽ വൻ ലോബി ഉള്ളതായാണ് വിവരം. അവസാന നാലക്കങ്ങൾ ഒരേ നമ്പറിൽ വരുന്ന സമ്മാനത്തുക ചെറുതാണ് എങ്കിലും ഒരേ നമ്പറിൽ കൂടുതൽ ടിക്കറ്റ് എടുക്കുമ്പോൾ വലിയ തുക സമ്മാനമായി ലഭിക്കും. ഇതു മുതലാക്കിയാണ് ലോട്ടറി ചൂതാട്ടം നടത്തുന്നത്. 1000 രൂപയാണ് സമ്മാനം എങ്കിൽ 100 ലോട്ടറി എടുത്താൽ 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

ജില്ലയിൽ പലയിടങ്ങളിലും ഇത്തരത്തിൽ സെറ്റാക്കി വിൽപന നടത്തുന്ന മാഫിയ ജില്ലയിൽ പലയിടങ്ങളിലും എത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ ചില ബെനാമികളുള്ളതായി സൂചനയുണ്ട്. ആവശ്യപ്പെടുന്ന നമ്പറുകൾ സമീപജില്ലകളിൽ നിന്നും എത്തിച്ചു കൊടുക്കുന്നത് ഈ സംഘമാണ്. ഇതിനെതിരെ ലോട്ടറി ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടി എടുക്കുന്നില്ലെന്നും ലോട്ടറി വിൽപന നടത്തുന്നവരുടെ സംഘടനകൾ പറയുന്നത്. ഇവർക്കെതിരെ തൊടുപുഴയിലെ ലോട്ടറി വിൽപനക്കാർ പൊലീസിലും ലോട്ടറി ഓഫിസിലും പരാതി നൽകിയിരിക്കുകയാണ്.