ബ്രെയിന്‍ ട്യൂമർ ബാധിതാനായ അബ്ദുൾ റാഷിദിനും കുടുംബത്തിനും 'സ്നേഹവീട്'

ബ്രെയിന്‍ ട്യൂമർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന അബ്ദുൾ റാഷിദിനും കുടുംബത്തിനും തലചായ്ക്കാനിടമായി. ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരളശ്ശേരി മാവിലായി കീഴറയിൽ നിർമിച്ച സ്നേഹ വീടിന്റെ താക്കോൽദാനം ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നിർവ്വഹിച്ചു.

അഹമ്മദ് കുഞ്ഞി -കെ പി റംലത്ത് ദമ്പതികളുടെ ഏകമകനാണ് അബ്ദുൾ റാഷിദ്. ചികിത്സയ്ക്ക് വേണ്ടി തോട്ടട കുറുവയിലെ വീടും കിടപ്പാടവും വിൽക്കേണ്ടി വന്ന കുടുംബം ഏറെക്കാലം കീഴറയിലെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ചത്. എടക്കാട് ജനമൈത്രി പൊലീസ്, നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ് എന്നിവയുടെ സഹകരണം കൂടി ആയതോടെ സ്നേഹവീട് ഉയർന്നു. കീഴറയിലെ കാഞ്ഞിരോളി അബ്ദുൾ ഖാദർ - സുബൈദ ദമ്പതികളാണ്, സ്വന്തമായുള്ള പത്തേകാൽ സെൻറിൽ നിന്നും സൗജന്യമായി മൂന്ന് സെന്റ് സ്ഥലം സ്നേഹ വീടിനായി നൽകിയത്. പതിനഞ്ച് ലക്ഷത്തിലധികം രൂപ ചെലവിൽ എട്ട് മാസം കൊണ്ടാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

സ്നേഹ വീടിന്റെ രേഖ കൈമാറലും നിർമാണത്തിൽ നിർണായക പങ്കുവഹിച്ചവരെ ആദരിക്കലും  പി ജയരാജൻ നിർവഹിച്ചു. വീടിന്റെ നാമകരണം നടത്തിയത് കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദനാണ്.