കലി പൂണ്ട് കാട്ടാന; കാണ്ടാമൃഗത്തേയും കുഞ്ഞിനേയും ആക്രമിച്ചു: വിഡിയോ

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തേയും കുഞ്ഞിനേയും ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഇന്ത്യയിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഡോ. കൃഷ്ണ തുമ്മലപള്ളിയും കുടുംബവുമാണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും.

തടാകക്കരയിൽ നിൽക്കുന്ന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ലക്ഷ്യമാക്കി നീങ്ങിയ ആനയുടെ വരവ് അത്ര പന്തിയല്ലെന്ന് വാഹനത്തിലുണ്ടായിരുന്നവർക്ക് മനസ്സിലായി. ആനയുടെ നീക്കം ശരിയല്ലെന്നു മനസ്സിലാക്കിയ അമ്മ കാണ്ടാമൃഗം കുഞ്ഞിനെ രക്ഷിക്കാനായി കാട്ടാനയെ നേരിടാൻ ശ്രമിച്ചു. 

എന്നാൽ കാട്ടാനയുടെ പ്രത്യാക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കാണ്ടാമൃഗത്തിനായില്ല. കൊമ്പും തുമ്പിക്കൈയുമുപയോഗിച്ച് കാണ്ടാമൃഗത്തെ മറിച്ചിടാനൊരുങ്ങിയപ്പോൾ അമ്മ കാണ്ടാമൃഗത്തിന്റെ കാലിനടിൽ പെട്ട കുഞ്ഞ് കാണ്ടാമൃഗത്തിനും പരുക്കേറ്റു. ആനയുടെ ആക്രമണത്തിൽ  പതറിയ കാണ്ടാമൃഗവും കുഞ്ഞും അവിടെ നിന്ന് ഓടി  മറയുകയായിരുന്നു. ജീവനും കൊണ്ടോടിയ കാണ്ടാമൃഗത്തിന്റെയും കുട്ടിയുടെയും പിന്നാലെ വീണ്ടും കാട്ടാന ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.