പത്തും ആണ്‍കുട്ടികള്‍; 15 വര്‍ഷം കാത്തിരുന്നു; 11–ാമത് പെണ്‍കുഞ്ഞ്: ആഹ്ലാദം

അലക്സിസ് ബ്രട്ടിന്റെ ആൺകുട്ടികളുടെ കൊട്ടാരത്തിലേക്ക് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞുരാജകുമാരിയെത്തി. ബ്രിട്ടൻ സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്സിക്കും നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതും 10 ചേട്ടന്മാരുടെ ഒരേയൊരു അനുജത്തിയായി ജനിക്കാനുള്ള അപൂർവ്വ ഭാഗ്യമാണ് ഈ കുഞ്ഞിന് ലഭിച്ചിരിക്കുന്നത്.

22–ാം വയസിലാണ് അലക്സിക്ക് ആദ്യത്തെ മകൻ പിറക്കുന്നത്. ഒരു പെൺകുഞ്ഞ് വേണമെന്ന് അലക്സിയും ഡേവിഡും ഏറെ ആഗ്രഹിച്ചിരുന്നു. രണ്ടാമതും മൂന്നാമതും ആൺകുഞ്ഞുങ്ങളുണ്ടായപ്പോഴും മകൾ വേണമെന്ന ആഗ്രഹം കുറഞ്ഞില്ല. ആ ആഗ്രഹത്തിന്റെ പുറത്ത് 10 മക്കളെയാണ് അലക്സി പ്രസവിച്ചത്. ഒടുവിൽ 11–ാമത്തെ പ്രസവത്തിൽ ആഗ്രഹസാഫല്യം പോലെ പെൺകുഞ്ഞിനെ തന്നെ ലഭിച്ചു. 

പെൺകുഞ്ഞ് ജനിച്ചത് കൊണ്ട് പ്രസവം നിർത്താനാണ് അലക്സിയുടെ തീരുമാനം. പതിനൊന്നാമത്തേത് പെൺകുഞ്ഞാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയതെന്ന് ഇരുവരും പറയുന്നു.  അലക്സി മാതാപിതാക്കളുടെ ഒറ്റ മകളാണ്. അതുകൊണ്ട് തന്നെ ഒരുപാട് മക്കളുള്ള കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പെൺകുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ആൺമക്കളോട് യാതൊരു സ്നേഹക്കുറവും കാണിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.