'നീ മുകിലോ'..അന്ധതയെ തോൽപ്പിച്ച് പാട്ട്; ഞാൻ പഠിപ്പിച്ച എന്റെ മോളെന്ന് ടീച്ചർ; വിഡിയോ

അവളുടെ കണ്ണിന്റെ കാഴ്ചയ്ക്ക് മാത്രമേ മങ്ങലുള്ളു. ഒട്ടും ശോഭ മങ്ങാത്ത ശബ്ദവുമായി സോഷ്യൽ ലോകത്ത് ഇടം നേടി ഒരു കൊച്ചു ഗായിക. മിനി പദ്മ എന്നയാളുടെ ഫെയ്സ്ബുക്ക് പേജിൽ ആണ് ഈ കൊച്ചുഗായികയുടെ പാട്ട് പ്രത്യക്ഷപ്പെട്ടത്. ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ പുതുമഴ മണിയോ എന്ന് തുടങ്ങുന്ന ഗാനം വളരെ ഹൃദ്യമായി പാടുന്ന പെൺകുട്ടി. ഒപ്പം പാട്ട് ആസ്വദിച്ച് കൂട്ടുകാരനും. സ്കൂൾ യൂണിഫോമിലാണ് ഇരുവരും. ഈ കുട്ടി ഏത് സ്കൂളിലാണ് പഠിക്കുന്നതെന്ന് കണ്ടെത്താൻ സഹായിക്കാമോ എന്ന് ചോദിച്ചാണ് മിനി പദ്മ ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കുട്ടിയെ പ്രശംസ കൊണ്ട് മൂടുകയാണ് എല്ലാവരും. കൂട്ടത്തിൽ ശ്രദ്ധേയമായ മറ്റൊരു കമന്റും പ്രത്യക്ഷപ്പെട്ടു. കൂട്ടിയുടെ പൂർണ വിവരങ്ങൾ പങ്കു വച്ചിരിക്കുന്നത് അവളുടെ അധ്യാപികയാണ്. 'കണ്ണൂർ വാരം യു പി സ്കൂളിലെ കുട്ടി അനന്യ. ഞാൻ പഠിപ്പിച്ച എന്റെ മോളാണ്. 100 ശതമാനം കാഴ്ച നഷ്ടപ്പെട്ട അവൾ പക്ഷേ വളരെ ബുദ്ധിയുള്ള കുട്ടി ആണ്. എന്റെ കൈ പിടിച്ചു നോക്കി എന്നെ തിരിച്ചറിയുന്ന അത്ഭുത ശബ്ദത്തിനു ഉടമയാണ് ഈ മോൾ.  മറ്റൊരു പ്രത്യകത, ഇംഗ്ലീഷ് പഠിക്കുവാനും പറയുവാനുമാണ് അവൾക്കിഷ്ടം. അവളുടെ ഇഷ്ടം മനസിലാക്കി പഠിക്കാൻ കൊണ്ട് പോകുന്ന സ്നേഹ നിധിയായ അമ്മയും സമൂഹത്തിനു മോഡൽ ആണ്'. ഇതാണ് ആ കമന്റ്. 

അനന്യയുടെ മറ്റൊരു അധ്യാപികയായ വന്ദന ആസാദും പ്രതികരണവുമായി രംഗത്തെത്തി. ഈ വർഷം കുട്ടിയെക്കൊണ്ട് എൽ എസ് എസ് പരീക്ഷ എഴുതിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ടീച്ചർ പറയുന്നത്. ഈ കുട്ടിയെ ലോകം അറിയണമെന്നും അവൾക്ക് എല്ലാ സഹായങ്ങളും ലഭിക്കണമെന്നുമാണ് ഭൂരിഭാഗം ആൾക്കാരും പ്രതികരിക്കുന്നത്.