‘തടിയുള്ളവർ മരിക്കണം; കാണുന്നതേ വെറുപ്പ്, സ്ത്രീത്വം നഷ്ടപ്പെടും’: വിവാദം: രോഷം

തടിയുള്ള സ്ത്രീകളെ ബോഡി ഷെയിമിങ് നടത്തിയ അവതാരകയ്ക്ക് വിലക്ക്.' തടിയുള്ളവർ മരിക്കേണ്ടവരാണ്. തടിയുണ്ടെങ്കിൽ സ്ത്രീത്വം നഷ്ടപ്പെടും. ഇത്തരക്കാർ സ്വന്തം കുടുംബത്തിന് തന്നെ ഭാരമാണ്. ഇവരെ കണ്ണിന് കാണുന്നത് പോലും വെറുപ്പുണ്ടാക്കും' ഇങ്ങനെയാണ് തടിയുള്ള സ്ത്രീകളെ കുറിച്ച് ഈജിപ്റ്റിലെ ടെലിവിഷൻ അവതാരകയായ റേഹം സയീദിന്റെ വിവാദ പ്രസ്താവന.

എന്നാൽ വിവാദ പ്രസ്താവന സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അവതാരകയ്ക്ക് എതിരെ രൂക്ഷവിമർശമാണ് ഉയരുന്നത്. റേഹമിനെ വിമർശിച്ച് കൊണ്ട് ലെബനീസ് അവതാരകയായ റാബിയ സയ്യദ് രം​ഗത്തെത്തി. ഈ സ്ത്രീയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് അഹങ്കാരവും അവഗണനയുമാണ്. ഒരിക്കലും സുഖപ്പെടാനാവാത്ത രോഗമാണിതെന്നും റാബിയ ആഞ്ഞടിച്ചു. മാധ്യമ രംഗത്ത് നിന്നുള്ള അപകടകരമായ പ്രവണനയാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം വിമർശനങ്ങൾ കൊടുംമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ ജോലിയിൽ നിന്ന് വിടുകയാണെന്ന് റേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നാഷണൽ കൗൺസിൽ ഫോർ വുമൺ ഇവർക്കെതിരെ കേസെടുത്തു. തുടർന്ന് ഇവരെ 12 മാസം ജോലിയിൽ നിന്ന് വിലക്ക് കൽപിച്ചതായി സുപ്രീം കൗൺസിൽ ഓഫ് മീഡിയ റെഗുലേഷൻ ഉത്തരവിടുകയും ചെയ്തു