വണ്ണം കൂടുന്നുണ്ടോ..? എങ്കില്‍ കരുതണം ഈ രോഗങ്ങള്‍

നിങ്ങള്‍ ദിവസവും വ്യായമം ചെയ്തിട്ടും ഭക്ഷണം കുറച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? എങ്കില്‍ എത്രയും വേഗം നിങ്ങളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുക. അമിതവണ്ണം പല രോഗങ്ങളുടെയും ലക്ഷണമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.ശരീരത്തില്‍ അമിത  അളവില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് അമിതവണ്ണത്തിന് കാരണം. ഇത് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ജനിതക രോഗങ്ങളും പെരുമാറ്റ വൈകല്യങ്ങളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതശൈലിക്കും അനാരോഗ്യമായ ഭക്ഷണശീലങ്ങള്‍ക്കും പുറമേ ഹോര്‍മോണുകളുടെ വ്യതിയാനവും പൊണ്ണത്തടിക്ക് കാരണമാകുന്നു. മാത്രമല്ല തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം ദഹനത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. തൈറോയ്ഡ് കൃത്യമായ അളവില്‍ ഉദ്പാദിക്കപ്പെട്ടില്ലെങ്കില്‍ ശരീരത്തിലെത്തുന്ന കലോറിയുടെ അളവില്‍ വര്‍ദ്ധനവുണ്ടാകും. ഇത് ശരീരഭാരം കൂട്ടും. 

സ്ത്രീകളില്‍ കാണുന്ന പല ഗര്‍ഭാശയരോഗങ്ങളും അമിതവണ്ണത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ പ്രധാനമായും വയറിന്‍റെ ഭാഗത്തായിരിക്കും കൊഴുപ്പ് അടിയുക. വാതസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭനിരോധന ഗുളികകള്‍, വേദനസംഹാരികള്‍ എന്നിവയുടെ അമിത ഉപയോഗം, ഉറക്കമില്ലായ്മ എല്ലാം തന്നെ അമിതവണ്ണത്തിലേക്കാണ് നയിക്കുക. അതിനാല്‍ തന്നെ ശരീരഭാരം കൂടുമ്പോള്‍ ഉടന്‍ തന്നെ ഭക്ഷണം കുറയ്ക്കുകയോ ജിമ്മില്‍ പോകുകയോ അല്ല വേണ്ടത്. മറിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.