മെഡിക്കൽ കോളജിൽ ആദ്യ തടി കുറയ്ക്കൽ ശസ്ത്രക്രിയ; യുവതി സുഖംപ്രാപിക്കുന്നു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യത്തെ ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക്  (അമിതവണ്ണം കുറയ്ക്കുന്ന ശസ്ത്രക്രിയ) വിധേയയായ യുവതി സുഖം പ്രാപിക്കുന്നു. അടുത്ത ദിവസം ആശുപത്രി വിടും. അടൂര്‍ പഴകുളം ആദിത്യനിവാസില്‍ സുരേഷിന്റെ ഭാര്യ ശ്രീജയ്ക്കാണ് (39) വെള്ളിയാഴ്ച ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 135 കി.ഗ്രാം ഭാരമുണ്ടായിരുന്ന ഇവര്‍ക്കു ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.10 വര്‍ഷം മുന്‍പു പ്രസവ ശേഷമാണു ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടര്‍‌ന്നു പ്രമേഹവും ശ്വാസതടസവും പിടിപെട്ടു.  

വണ്ണം പടിപടിയായി കുറഞ്ഞ് 6 മാസത്തിനുള്ളില്‍ സാധാരണ നിലയിലെത്തുമെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫ ഡോ. എസ്.കെ. അജയകുമാര്‍ അറിയിച്ചു. സ്വകാര്യാശുപത്രിയില്‍ 6 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നാലിലൊന്നു തുകയ്ക്കാണു ചെയ്തതെന്നു സൂപ്രണ്ട് ഡോ.ആര്‍‌.വി. രാംലാല്‍ അറിയിച്ചു.