ചോറും വേണ്ട പാലും വേണ്ട, തടി കുറയ്ക്കാൻ പാലിയോ ഡയറ്റ്

ഈറ്റിങ് ഔട്ടും മെനുവും ഒന്നും ഇല്ലാതിരുന്ന ലോകം. വേട്ടയാടിയും കായ്കനികൾ തിന്നും നടന്ന അതിപുരാതന കാലം. രോഗങ്ങളില്ലാത്ത ആ സമത്വസുന്ദര കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ് ‘പാലിയോ ഡയറ്റ്’. പാലിയോലിത്തിക് അഥവാ ശിലായുഗ ഭക്ഷണരീതി ഇന്നത്തെ ജീവിതശൈലീ രോഗങ്ങൾക്കെതിരായ സൂപ്പർ ഡയറ്റ് ആയി മാറുകയാണ്. അമിത വണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദം തുടങ്ങി ഒരുവിധം അസുഖങ്ങളെയൊക്കെ ഈ ഡയറ്റ് അടുപ്പിക്കില്ലെന്നാണു പാലിയോ ആരാധകർ പറയുന്നത്. കൃത്രിമ ചേരുവകളോ നിറങ്ങളോ പാടില്ല, പകരം പ്രകൃതിദത്തവും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണരീതിയാണ് പാലിയോ ഡയറ്റിന്റെ സവിശേഷത. പ്രോട്ടീനും വിറ്റാമിനുകളും നാരുകളും നല്ല കൊഴുപ്പും ആന്റി ഓക്സിഡന്റുകളുമാണു പ്രധാനം. പാലിയോ ഡയറ്റിൽ മൊത്തം കാലറിയുടെ 35 ശതമാനം കൊഴുപ്പുകളിൽ നിന്നും 35 ശതമാനം കാർബോ ഹൈഡ്രേറ്റിൽ നിന്നും 35 ശതമാനം പ്രോട്ടീനിൽ നിന്നും ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിക്കേണ്ടത്.

ഒഴിവാക്കേണ്ടവ

ധാന്യങ്ങൾ, പരിപ്പ്, പയർ വർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, പായ്ക്കറ്റുകളിൽ കിട്ടുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ, സ്റ്റാർച്ചും പഞ്ചസാരയും ഉപ്പും അധികം അടങ്ങിയിട്ടുള്ള ആഹാരങ്ങൾ.

കാർബോഹൈഡ്രേറ്റ് ധാരാളമുള്ള ഗോതമ്പ്, അരി, ഓട്സ്, ചോളം, ബജ്റ ഇവയെല്ലാം പടിക്കു പുറത്ത്. നിലക്കടല, സോയാബീൻ, വെള്ളക്കടല, പരിപ്പ്, ചെറുപയർ തുടങ്ങിയവയും വേണ്ട. സംസ്കരിച്ച ഭക്ഷണങ്ങളായ പീറ്റ്‌സ, ബർഗർ, പാസ്ത, കേക്ക്, ബിസ്ക്കറ്റ്, സോസ്, ജ്യൂസ്, മധുരപലഹാരങ്ങൾ ഒന്നും പാടില്ല. പാൽ മനുഷ്യന്റെ ദഹനവ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നാണ് പാലിയോ വിദഗ്ധരുടെ പക്ഷം.

കഴിക്കാവുന്നത്

ഇറച്ചി, മീൻ, മുട്ട, പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ, വിവിധയിനം നട്സുകൾ, വിത്തുകൾ എന്നിവ ധാരാളമായി കഴിക്കാം. ഒലീവ് ഓയിൽ, വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകൾ മാത്രം ഉപയോഗിക്കുക.

ഇറച്ചിയും മീനും

ഇഷ്ടം പോലെ

വിറ്റാമിനുകൾ, മിനറലുകൾ, ഫൈബറുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും ഇഷ്ടം പോലെ കഴിച്ചോളൂ. പക്ഷേ അമിതഭാരം കുറയ്ക്കാൻ പാലിയോ ഡയറ്റ് സ്വീകരിക്കുന്നവർ കാർബോഹൈഡ്രേറ്റ് അധികം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് പോലെയുള്ളവയും ഏത്തപ്പഴവും ഒഴിവാക്കുന്നതാകും നല്ലത്.

പാലിയോ ഡയറ്റിലെ ഒഴിവാക്കാനാവാത്ത വിഭവമാണ് ഇറച്ചി. കൊഴുപ്പില്ലാത്ത ലീൻ മീറ്റാണ് കൂടുതൽ നല്ലത്. ചിക്കൻ, ബീഫ്, പോർക്ക്, മട്ടൺ തുടങ്ങി ഏതുതരം ഇറച്ചിയും ഉപയോഗിക്കാം.പയർ, പരിപ്പ് വർഗങ്ങൾ ഒക്കെ പാലിയോ ഡയറ്റിന് പുറത്തായതിനാൽ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കേണ്ടത് ഇറച്ചിയിൽ നിന്നും മീനിൽ നിന്നുമാണ്. ഒമേഗാ 3 ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയിട്ടുള്ള അയല, മത്തി, ചൂര പോലുള്ള മീനുകളും ഡയറ്റിൽ ഉൾപ്പെടുത്താം. ഇടവേളകളിൽ കൊറിക്കാൻ ബദാം, കശുവണ്ടി, മത്തക്കുരു, സൺഫ്ളവർ സീഡ്, വാൽനട്ട് തുടങ്ങിയവയും ഉപയോഗിക്കാം. പാലിയോ ഡയറ്റിൽ മുട്ടയും പ്രധാന താരമാണ്. അമിതഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ മുട്ട മഞ്ഞക്കരു ഒഴിവാക്കി കഴിക്കുക. കുടിക്കാൻ ഗ്രീൻ ടീ, കട്ടൻ ചായ ഇവ മതി. തീരെ ഒഴിവാക്കാനാവില്ലെങ്കിൽ പാലൊഴിക്കാതെ കട്ടൻകാപ്പിയും ആകാം. പഞ്ചസാരയ്ക്ക് പകരം അത്യാവശ്യ സന്ദർഭങ്ങളിൽ തേൻ ഉപയോഗിക്കാം. ഇറച്ചിയും മുട്ടയും ഒക്കെ നാടൻ തന്നെയാണ് നല്ലത്. കൃത്രിമ ഭക്ഷണങ്ങൾ കൊടുത്തു വളർത്തുന്ന മൃഗങ്ങൾക്ക് പകരം പച്ചപ്പുല്ല് തിന്നു വളരുന്നവയെ തിരഞ്ഞെടുക്കാനാണ് പാലിയോ ഡയറ്റ് നിർദേശിക്കുന്നത്