കൊലക്കുറ്റവും മാനഭംഗവും; 35 വർഷം സന്യാസിയായി അഭിനയം; ഒടുവിൽ മുങ്ങൽ സ്വാമി പിടിയിൽ

കൊലപാതകവും മാനഭംഗവും നടത്തിയ ശേഷം സന്യാസി വേഷത്തിൽ 35 വർഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്നയാൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ശേഷ് നരേയ്ൻ ശാസ്ത്രിയാണ് 35 വർഷത്തോളം പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് നടന്നത്. ശാസ്ത്രിക്ക് 20 വയസുള്ളപ്പോഴാണ് ഉന്നവോ ജില്ലയിലെ മജ്ര ഗ്രാമത്തിലുള്ള തന്റെ അയൽവാസിയെ കൊലപ്പെടുത്തുന്നത്. 1982ൽ ആയിരുന്നു ഇത്. 

അന്ന് ശാസ്ത്രി പിടിയിലായെങ്കിലും ഒരു വർഷത്തിനുള്ളിൽ ജാമ്യം നേടി പുറത്തുവന്നു. ജാമ്യത്തിലിറങ്ങി പുറത്തിറങ്ങിയ ശാസ്ത്രിയെ പൊലീസ് പിടിക്കാതിരിക്കാൻ സന്യാസി വേഷത്തിൽ മുങ്ങി. പൊലീസ് ഇയാളുടെ പിന്നാലെ തന്നെയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് സ്ഥലങ്ങൾ മാറി സഞ്ചരിക്കുന്നത് കണ്ടെത്താൻ പ്രയാസമായി. മൊബൈൽ ഫോണിന്റെ കാലം വന്നപ്പോഴും ശാസ്ത്രി വിദഗ്ധമായി മുങ്ങി നടന്നു. തന്റെ മൊബൈൽ നമ്പരും താമസസ്ഥലും ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നു.

പൊലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുകൊണ്ടേയിരുന്നു. അതിനിടയ്ക്കാണ് കാൺപൂർ ജില്ലയിൽ കൃഷിക്കാരനായി ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് ഒരു പെൺകുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ബാര പൊലീസ് സ്റ്റേഷൻ സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്. 

അവിടെ നിന്നും ജാമ്യം നേടിയ ശാസ്ത്രി മുങ്ങി. രണ്ടാം തവണയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്. ഇതോടെ അന്വേഷണം ഊർജിതമായി. ഒടുവിൽ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് തന്നെ മുങ്ങൽ സ്വാമിയെ പിടികൂടി.