ലോൺ അടയ്ക്കാൻ കടം വാങ്ങി പോകുമ്പോൾ റോഡിൽ നോട്ട്കെട്ട്; ഇൗ വീട്ടമ്മ ചെയ്തത്

ലോൺ അടയ്ക്കാൻ കടം വാങ്ങിയ പണവുമായി ബാങ്കിലേക്കു പോകുമ്പോൾ വഴിയരികിൽ നിന്നു കിട്ടിയ നോട്ട്കെട്ടുകൾ ഷക്കീലയെ പ്രലോഭിപ്പിച്ചില്ല.  ഉടമസ്ഥനു പണം തിരികെ ലഭിച്ചപ്പോൾ പ്രളയത്തിൽ താറുമാറായ വീട്ടിലിരുന്നു ഷക്കീല ആശ്വസിച്ചു. മാണിക്യമംഗലം പനയാലി മങ്ങാടൻ നൗഷാദിന്റെ ഭാര്യ ഷക്കീലയ്ക്കു കാലടി ബസ് സ്റ്റാൻഡിന്റെ സമീപത്തു നിന്നാണു 500ന്റെ നോട്ട്കെട്ട് ലഭിച്ചത്. ഇത് 60,000 രൂപയുണ്ടായിരുന്നു

ഹൗസിങ് ലോൺ അടയ്ക്കാൻ‍ ബുദ്ധിമുട്ടിയപ്പോൾ‍ ഭർത്താവ് നൗഷാദ് പലരിൽ നിന്നുമായി കടം വാങ്ങിയ പണം മറ്റൂരിലെ ഫാർമേഴ്സ് സഹകരണ ബാങ്കിൽ അടയ്ക്കുന്നതിനു കൊണ്ടു പോവുന്ന വഴിയാണു ഷക്കീല വഴിയരികിൽ നോട്ട്കെട്ടുകൾ കിടക്കുന്നതു കണ്ടത്. ഉടൻ പഞ്ചായത്ത് വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വാലസ് പോളിനെ വിവരമറിയിച്ചു.

വാലസിന്റ നിർദേശപ്രകാരം പണം പഞ്ചായത്ത്  പ്രസിഡന്റ് കെ.തുളസിയെ ഏൽപിച്ചു. എത്ര രൂപയുണ്ടെന്നു പോലും നോക്കിയില്ലെന്നു ഷക്കീല പറഞ്ഞു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരൻ രമേശന്റേതാണു പണമെന്നു കണ്ടെത്തി. തുക ഉടമസ്ഥനു കൈമാറുകയും ചെയ്തു. 

കഴിഞ്ഞ വർഷവും ഈ വർഷവും ഷക്കീലയുടെ വീടു പ്രളയത്തിൽ മുങ്ങിയിരുന്നു. വീട്ടിലെ സാധനസാമഗ്രികൾ മിക്കതും നശിച്ചു.  ഇപ്പോഴും വീടു പൂർണമായും താമസയോഗ്യമായിട്ടില്ല.   പനയാലിയിലെ സ്വകാര്യ കമ്പനിയിലാണു ഷക്കീല ജോലി ചെയ്യുന്നത്. ഭർത്താവ് നൗഷാദിനു കൂലിപ്പണിയാണ്. 3 മക്കളുണ്ട്. കാലടി മേഖല റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഷക്കീലയെ വീട്ടിലെത്തി അനുമോദിച്ചു.