കഷ്ടതയുടെ പാതയിൽ നിന്നും കൈത്താങ്ങിന്റെ ട്രാക്കിലേക്ക്; 100 മീറ്റർ 11 സെക്കൻഡിൽ; വിഡിയോ

സമൂഹമാധ്യമങ്ങളിൽ അതിവേഗം നിറഞ്ഞ ആ ഒാട്ടക്കാരനെ കണ്ടെത്തി ട്രാക്കിലേക്ക് എത്തിച്ച് കേന്ദ്ര കായിക മന്ത്രി. 100 മീറ്റർ ദൂരം 11 സെക്കൻഡിൽ പൂർത്തീകരിച്ചയാളെ കണ്ടെത്തി പരിശീലനത്തിനയച്ചിരിക്കുകയാണ് കിരൺ റിജ്ജു. മധ്യപ്രദേശുകാരനായ രാമേശ്വര്‍ സിങ് എന്ന 24കാരനെയാണ് മന്ത്രി ഭോപ്പായ് സായിയിൽ പരിശീലനത്തിനയച്ചത്. കാലിൽ ചെരുപ്പ് പോലുമില്ലാതെ അതിവേഗം കുതിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഇൗ വിഡിയോ  മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്യുകയും കേന്ദ്ര കായികമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് കിരണ്‍ റിജ്ജു പ്രതികരണവുമായി എത്തിയത്. നേരത്തെ മധ്യപ്രദേശ് കായിക മന്ത്രി ജിതു പട്‌വാരിയും ഈ വിഡിയോ പങ്കുവെച്ചിരുന്നു. രാമേശ്വറിനെ എത്രയും വേഗം ആരെങ്കിലും തന്റെ അടുത്തെത്തിക്കണമെന്നും അത്‌ലറ്റിക് അക്കാദമിയില്‍ യുവതാരത്തിന് പ്രവേശനം ഉറപ്പാക്കാമെന്നും കിരണ്‍ റിജ്ജു മറുപടി ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ് രാമേശ്വര്‍ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.