കയ്യിലുണ്ടായിരുന്നത് ആകെ 20 രൂപ; ദുരിതാശ്വാസനിധിയിലേക്ക് വളർത്തുകോഴിയെ നൽകി

കാനായി മീങ്കുഴി അണക്കെട്ടിനു സമീപത്തെ മത്സ്യത്തൊഴിലാളി പുതിയപുരയിൽ ശാന്ത പ്രളയ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതു നാടൻ കോഴിയെ. പ്രളയ ദുരിതം നേരിട്ടു കാണുകയും മകന്റെ വരുമാന മാർഗമായ ഓട്ടോറിക്ഷ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിന്റെ ദുരിതം അനുഭവിച്ച് അറിയുകയും ചെയ്ത വീട്ടമ്മ കൂടിയാണു ശാന്ത. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടി സിപിഎം പ്രവർത്തകർ വീട്ടുമുറ്റത്ത് എത്തിയപ്പോൾ ശാന്തയുടെ കയ്യിലുണ്ടായിരുന്നത് 20 രൂപ മാത്രമാണ്. വെള്ളപ്പൊക്കം വന്നതു മുതൽ ശാന്തയ്ക്കു ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല.

ഓട്ടോറിക്ഷ മകന് റോഡിൽ ഇറക്കാനും കഴിഞ്ഞില്ല. 20 രൂപ മതിയെന്ന് സിപിഎം പ്രവർത്തകർ ശാന്തയോടു പറഞ്ഞു. എന്നാൽ വളർത്തുന്ന കോഴികളിലൊന്നിനെ സിപിഎം പ്രവർത്തകർക്ക് നിർബന്ധപൂർവം കൈമാറുകയായിരുന്നു ശാന്ത. കോഴിയെ ലേലം ചെയ്തപ്പോൾ 550 രൂപ കിട്ടി. ഇതു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ശാന്ത കോഴിയെ സംഭാവന ചെയ്തതു കണ്ട് കാനായിയിലെ പ്രളയ ബാധിത പ്രദേശത്തെ സി.കെ. ദിജേഷ് 2 കോഴികളെ സംഭാവന ചെയ്തു. ഇതും ലേലം ചെയ്തു ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.