ടയർ ട്യൂബിൽ കിടന്ന് തേങ്ങ പെറുക്കി; ഒഴുക്കില്‍ പെട്ടെന്ന് കരുതി ഫയര്‍ഫോഴ്സ് പാഞ്ഞെത്തി

ടയർ ട്യൂബിൽ കിടന്ന് മീനച്ചിലാറ്റിൽ നിന്ന് തേങ്ങ പെറുക്കി. പക്ഷേ അതു കണ്ട ചിലർക്കു തോന്നിയത് യുവാവ് ഒഴുക്കിൽ പെട്ടെന്നാണ്.  മുത്തോലി ഇൻഡ്യാർ ജംക്‌ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. നാട്ടുകാരിൽ ചിലർ യുവാവ് ഒഴുക്കിൽ പെട്ടതായി പൊലീസിനെയും അഗ്നി ശമന സേനയെയും അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ യുവാവ് ഒഴുക്കിൽ പെട്ടുവെന്ന് വ്യാപകമായ പ്രചാരണവും ഉണ്ടായി. എന്നാൽ സംഭവമൊന്നും അറിയാതെ യുവാവ് തേങ്ങ പെറുക്കി കൂട്ടി ആറിന്റെ താഴ്ഭാഗത്ത് മറുകരയിൽ കയറി പോയിരുന്നു.

യുവാവിനെ കാണാതായതോടെ ഒഴുക്കിൽ പെട്ടുവെന്ന് അഭ്യൂഹങ്ങൾ പടർന്നു. ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാരിൽ ചിലർ നടത്തിയ അന്വേഷണത്തിലാണ് യുവാവ് തേങ്ങ പെറുക്കാൻ ആറ്റിലിറങ്ങിയത് ആണെന്ന് മനസ്സിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ഒട്ടേറെ ആളുകളാണ് മുത്തോലി ഇൻഡ്യാർ ജംക്‌ഷനിൽ എത്തിയത്.