അയൽപക്കത്തെ നായ ഓരിയിടുന്നതിന്റെ കാരണമെന്ത്? വിവരാവകാശ പ്രതിക്ക് സംഭവിച്ചത്

നായ ഓരിയിടുന്നതിന്റെ കാരണം തിരക്കിയുള്ള വിവരാവകാശ അപേക്ഷയിൽ മുഖ്യ വിവരാവകാശ കമ്മിഷണറുടെ അദാലത്തിൽ തീർപ്പാക്കി. നായ ഓരിയിടുന്നത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ ബന്ധപ്പെട്ട പൊതു അധികാരിയുടെ ഓഫിസിൽ ഇല്ലാത്ത വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശിക്കാനാകില്ലെന്ന് കമ്മിഷണർ പരാതിക്കാരനെ അറിയിച്ചു. വിവരാവകാശ കമ്മിഷണർ വിൻസൻ എം.പോൾ വിഡിയോ കോൺഫറൻസിലൂടെയാണ് കലക്ടറേറ്റിൽ നടന്ന അദാലത്തിൽ പങ്കെടുത്തത്. 

അയൽപക്കത്തെ നായയുടെ ഓരിയിടലിന് കാരണം വിവരാവകാശം വഴി തേടിയ പന്തളം മുടിയൂർക്കോണം ലക്ഷ്മി ഭവനത്തിൽ എൻ.കെ.അശോകനും എതിർകക്ഷികളായ  മൃഗസംരക്ഷണ വകുപ്പ് പന്തളം ഓഫിസിലെ ചുമതലയുള്ള വെറ്ററിനറി സർജൻ ഡോ.ബിജു മാത്യു, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ബി.എസ്. ബിന്ദു എന്നിവർ ഹാജരായി. നായ ഓരിയിടുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് ഒരു രേഖയും തന്റെ ഓഫിസിൽ ലഭ്യമല്ലെന്നുളള മറുപടിയായിരുന്നു അശോകന്റെ 2014ലെ പരാതിയിൽ  പന്തളം മൃഗസംരക്ഷണവകുപ്പ് ഓഫിസിൽ നിന്ന് ഡോക്ടർ നൽകിയത്. ഇൗ മറുപടിയിൽ തൃപ്തിയില്ലാതെയാണ് പരാതിക്കാരൻ മുഖ്യ വിവരാവകാകാശ കമ്മിഷണറെ സമീപിച്ചത്. 

വിവരാവകാശ നിയമപ്രകാരം പൊതു അധികാരിയുടെ ഓഫിസിൽ കംപ്യൂട്ടറിലോ, ഫയലിലോ, റജിസ്റ്ററിലോ ഉള്ള വിവരങ്ങളാണ് വിവരാവകാശ അപേക്ഷയിൻമേൽ കൈമാറാൻ വ്യവസ്ഥയുള്ളതെന്നും  ഇൗ വിവരങ്ങൾ ഇല്ലാത്തതിനാൽ കൈമാറാനാകില്ലെന്നും മുഖ്യ വിവരവാകാശ കമ്മിഷണർ പരാതിക്കാരനെ അറിയിച്ചു. പൊതു അധികാരിയുടെ ഓഫിസിൽ ഉള്ള വിവരങ്ങളല്ലാതെ ഉത്തരം കണ്ടെത്തി തരേണ്ട ഉത്തരവാദിത്തം വിവരവാകാശ പൊതു അധികാരിക്കില്ല. നായ ഓരിയിടുന്നത് ഇതുസംബന്ധിച്ച് ഗ്രാഹ്യം ഉള്ളവരോട് തിരക്കി ഉത്തരം തേടാമായിരുന്നുവെന്നും  വിവരാവകാശ നിയമം മനസ്സിലാക്കി  ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും കമ്മിഷനും പൊതു അധികാരിക്കും സമയനഷ്ടമാണെന്നും വിൻസൻ എം.പോൾ ചൂണ്ടിക്കാട്ടി.