അഖിലിനെ കുത്തിയതിനെപ്പറ്റി ഒരധ്യാപകൻ പറഞ്ഞത്..(ഇത്തരം അധ്യാപകരെ ഓർത്ത് ലജ്ജിക്കാം)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അഖിൽ ചന്ദ്രനെ കുത്തിയ സംഭവത്തെക്കുറിച്ചു സംസാരിക്കവെ യൂണിവേഴ്സിറ്റി കോളജിലെ ഒരു അധ്യാപകൻ സഹപ്രവർത്തകനോട് അഭിപ്രായപ്പെട്ടത് ഇങ്ങനെ, ‘‘ യൂണിയൻ ഓഫിസിൽ കൊണ്ടുപോയി കൈകാര്യം ചെയ്താൽ പോരായിരുന്നോ? കുത്തിയതു കൊണ്ടല്ലേ ഇത്രയും ബഹളം ഉണ്ടായത്?’’ 

യൂണിവേഴ്സിറ്റി കോളജി‍ൽ അക്രമം കാണിക്കുന്ന എസ്എഫ്ഐ നേതാക്കൾക്ക് ഒത്താശ ചെയ്യുന്ന അധ്യാപകരിൽ ഒരാളിന്റെ വാക്കുകളാണിത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായിരിക്കവെ അധ്യാപകരായി നിയമനം ലഭിച്ച ചില നേതാക്കളാണു ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്നതെന്നു വർഷങ്ങളായി ആരോപണം ഉണ്ട്. 

എസ്എഫ്ഐക്കാർ ഏതെങ്കിലും വിദ്യാർഥിയെ മർദിക്കാൻ തീരുമാനിച്ചാൽ ഏതെങ്കിലും പെൺകുട്ടിയെക്കൊണ്ട‌്, വിദ്യാർഥി മോശമായി പെരുമാറിയെന്ന പരാതി എഴുതി വാങ്ങും. മർദനമേറ്റ വിദ്യാർഥി പ്രാഥമിക ചികിത്സയ്ക്കുശേഷം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോകുമ്പോൾ മണിക്കൂറുകൾക്കു മുൻപ് അവിടെ പെൺകുട്ടിയുടെ പരാതി എത്തിയിരിക്കും. 

മുൻപ് ഒരു വിദ്യാർഥിയെ തല്ലാൻ എസ്എഫ്ഐ തീരുമാനിച്ചു. ഇയാൾ പിന്നാലെ നടന്നു തന്നെ തുറിച്ചു നോക്കുന്നുവെന്നാണു പെൺകുട്ടിയുടെ വ്യാജപരാതി. വിദ്യാർഥി പരാതിയുമായി സ്റ്റേഷനിൽ ചെന്നു. അപ്പോഴാണു വിദ്യാർഥിക്കു കോങ്കണ്ണാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. കോങ്കണ്ണ് ഉള്ളയാൾ നോക്കിയെന്ന് എങ്ങനെ മനസ്സിലായെന്നു അധ്യാപകർ പെൺകുട്ടിയോടു ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല.  പെൺകുട്ടികളെക്കൊണ്ടു പരാതി എഴുതി വാങ്ങുന്നതിനു പിന്നിൽ ഒരു അധ്യാപികയാണെന്നു വിദ്യാർഥികൾക്ക് അറിയാമെങ്കിലും പുറത്തുപറയാൻ ധൈര്യമില്ല. 

ജാമ്യത്തുക പിടിഎ ഫണ്ടിൽ നിന്ന് !!

കോളജിൽ 18 വകുപ്പുകളുണ്ട്. ഇവിടത്തെ ചില വകുപ്പുകൾ മറ്റു കോളജുകളിലില്ല.  അതിനാൽ സ്ഥലംമാറ്റമില്ലാതെ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരാണ് എസ്എഫ്ഐയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. കോളജ് അധ്യാപകരുടെ സിപിഎം സംഘടനയിലെ അംഗങ്ങൾ കൂടിയായ ഇവർ സിപിഎം ജില്ലാ കമ്മിറ്റിയുമായി അടുത്ത ബന്ധവും പുലർത്തുന്നുണ്ട്. കോളജിൽ എസ്എഫ്ഐക്കാർ തമ്മിൽ പ്രശ്നം ഉണ്ടായാൽ പ്രിൻസിപ്പലും അധ്യാപകരും ഉൾപ്പെടെയുള്ളർ ജില്ലാ കമ്മിറ്റി ഓഫിസിൽ ഒത്തുതീർപ്പു ചർച്ചയ്ക്കു പോകുന്നതും പതിവാണ്. 

അധ്യാപകർക്കൊപ്പം അനധ്യാപകരും ഈ സംഘത്തിലുണ്ട്. മുൻ പ്രിൻസിപ്പൽ മോളി മെഴ്സിലിനെ എസ്എഫ്ഐക്കാർ മണിക്കൂറുകളോളും തടഞ്ഞുവച്ചു. ഈ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച പ്രിൻസിപ്പൽ അതിനുള്ള ഉത്തരവ് ടൈപ്പ് ചെയ്യാൻ ജീവനക്കാരെ ഏൽപ്പിച്ചില്ല. വിവരം ചോരുമെന്നു ഭയന്ന് അവർ പുറത്തെ ഡിടിപി സെന്ററിൽ പോയി ഉത്തരവ് ടെപ്പ് ചെയ്യുകയായിരുന്നു.

എസ്എഫ്ഐയെ നിയന്ത്രിക്കുന്ന അധ്യാപകരാണ് പിടിഎ നടത്തിപ്പ്, കെട്ടിടനിർമാണം എന്നിവയൊക്കെ ഏറ്റെടുക്കുന്നത്. എസ്എഫ്ഐ നേതാക്കൾ ക്രിമിനൽ കേസിൽ വിദ്യാർഥികൾ പിടിയിലാകുമ്പോൾ  ജാമ്യം എടുക്കാനുള്ള തുക പിടിഎ ഫണ്ടിൽ നിന്നു നൽകും. ഈ കണക്കു മറ്റെന്തെങ്കിലും പേരിലാണു ചെലവിൽ ചേർക്കുന്നത്. കെട്ടിട നിർമാണം ഏറ്റെടുത്ത അധ്യാപകൻ നിർമാണ സാമഗ്രികൾ കടത്തിയ സംഭവം എസ്എഫ്ഐ യോഗത്തിൽ വരെ ചർച്ച ചെയ്തിരുന്നു.