മെഹന്ദിയഞ്ഞിഞ്ഞ് വൈഭവ് പരാഗിന്റെ കൈപിടിച്ചു; സ്വവര്‍ഗ പ്രണയസാഫല്യം

മെഹന്ദി അണിഞ്ഞ് സംഗീതിന്റെയും ബരാത്തിന്റെയും അകമ്പടിയോടെ വൈഭവ് പരാഗിന്റെ കൈപിടിച്ചു. ഈ ചടങ്ങിന് സാക്ഷിയാകാനും ആശിർവദിക്കാനും ബന്ധുക്കളും സുഹൃത്തുക്കളുമെത്തി.  ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ഗെ വിവാഹത്തിന് ടെക്സസ് സാക്ഷിയായി. 

പരമ്പരാഗത ജെയിൻ മതവിശ്വാസപ്രകാരമാണ് വൈഭവ് ജെയിനും പരാഗ് മെഹ്തയും വിവാഹിതരായത്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് എക്സിക്യൂട്ടീവ് ബോർഡിലെ അംഗമാണ് വൈഭവ്. പരാഗ് മാസ്റ്റർകാർഡിലെ സീനിയർ വൈസ് പ്രസിഡന്റുമാണ്.  ഇത്രയും ഉയർന്ന പദവിയിലായിരുന്നെങ്കിലും വിവാഹിതരാകാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ല.

2011ലാണ് വൈഭവ് ടെക്സാസിൽ എത്തുന്നത്. ഒരുതരത്തിൽ ഇന്ത്യയിൽ നിന്നുള്ള പലായനമായിരുന്നു ഇത്. ഈ കാലത്ത് ഇന്ത്യയിൽ സ്വവർഗരതി കുറ്റമായിരുന്നു. അതോടൊപ്പം തന്റെ ഗെ വ്യക്തിത്വം മനസിലാക്കാനോ അംഗീകരിക്കാനോ ഉള്ള വിശാലമനസ്കത കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജീവിതം ദുരനുഭവങ്ങളുടെ ഘോഷയാത്രയാണ് വൈഭവിന് സമ്മാനിച്ചത്.

പരാഗ് ജനിച്ചതും വളർന്നതുമെല്ലാം ടെക്സാസിലാണ്. ഇന്ത്യയിലുള്ളത്രയും കഷ്ടതകൾ അനുഭവിച്ചിട്ടില്ലെങ്കിലും വെള്ളക്കാരുടെ ഇടയിലെ കറുത്തവർഗക്കാരനായ സ്വവർഗാനുരാഗിയായ പുരുഷനെന്നുള്ളത് പലപ്പോഴും പരാഗിനെ പരിഹാസത്തിന് പാത്രമാക്കിയിട്ടുണ്ട്. പരാഗിന്റെ വീട്ടുകാർക്കും മകന്റെ സ്വവർഗാനുരാഗ വ്യക്തിതം അംഗീകരിക്കാൻ മടിയായിരുന്നു. 

ഏറെ പ്രയാസപ്പെട്ടാണ് ഇരുവീട്ടുകാരുടെയും അനുവാദം വാങ്ങിയെടുത്തത്. വലിയ രീതിയിൽ വിവാഹം നടത്തിയത് സ്വവർഗാനുരാഗം മറച്ചുവെയ്ക്കേണ്ട ഒന്നല്ലെന്നും സ്വവർഗാനുരാഗികളുടെ വിവാഹവും ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്നും മറ്റുള്ളവരെക്കൂടി ബോധ്യപ്പെടുത്താൻ വേണ്ടിയാണെന്ന് ഇരുവരും പറയുന്നു. 

സാമ്പ്രദായിക രീതിയ്ക്ക് ആധുനികതയുടെ സ്പർശം നൽകിക്കൊണ്ടായിരുന്നു വിവാഹം. മെഹന്ദിയുടെ ഡിസൈൻ പോലും വധുവിന് വേണ്ടിയുള്ളതായിരുന്നു. അതിലും ഇവർ ഇവരുടേതായ ഇഷ്ടങ്ങൾ കൊടുത്തുകൊണ്ടാണ് വിവാഹം നടത്തിയത്.