എയിഡ്സ് ബാധിച്ച് ഒരു കുടുംബം; തല ചായ്ക്കാന്‍ ഇടത്തിന് സഹായം തേടി അഭ്യര്‍ഥന

എയിഡ്സ് ബാധിച്ച ഒരു കുടുംബത്തിന് സഹായാഭ്യർഥനയുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ഒരു ദിവസം ഒരാൾ എന്റെ വീട്ടിൽ വന്നിട്ട് ഭാര്യയ്ക്ക് സുഖമില്ല, സഹായിക്കണമെന്ന് പറഞ്ഞു. നിങ്ങൾക്ക് ആരോഗ്യത്തിന് പ്രശ്നമില്ലല്ലോ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞവിവരം ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹത്തിനും കുട്ടിക്കും ഭാര്യയ്ക്കും എയിഡ്സാണെന്ന്. ഗർഭം അലസിപ്പോയതിനെത്തുടർന്ന് ഭാര്യയുടെ ശരീരത്തിൽ രക്തം കയറ്റിയിരുന്നു. നാലുവർഷം മുൻപായിരുന്നു ഇത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് രക്തം കയറ്റിയത്. അതിൽ നിന്നാണ് ഇവർക്ക് എയിഡ്സ് പകർന്നത്.

ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ആദ്യത്തെ കുട്ടിക്ക് ആറുവയസുണ്ട്. അതിന് മാത്രമാണ് എയ്ഡ്സില്ലാത്തത്. കയറിക്കിടക്കാൻ വീടോ സ്ഥലമോ ഇവർക്കില്ലായിരുന്നു. ഇവർക്ക് സഹായം അഭ്യർഥിച്ചുകൊണ്ട് ഫിറോസ് കുന്നംപറമ്പിൽ വിഡിയോ കുറച്ചുകാലം മുൻപ് പോസ്റ്റ് ചെയ്തിരുന്നു. സ്ഥലം വാങ്ങാനുള്ള പണം ഫിറോസ് കുന്നംപറമ്പിൽ ഫൗണ്ടേഷനിലൂടെ ലഭിച്ചു. ഇനി വേണ്ടത് തലചായ്ക്കാനുള്ള ഇടമാണ്. അതിന് മനസുള്ളവർ സഹായിക്കണമെന്നാണ് അഭ്യർഥന. ശാരീരികമായും മാനസികമായും തകർന്ന അവസ്ഥയിലാണ് കുടുംബമെന്ന് ഫിറോസ് പറയുന്നു. വിഡിയോ കാണുക.