പ്രണയം പറയാൻ ഭയം; കോൾ ചെയ്യാൻ പണമില്ലാത്ത കാമുകൻ; ‘സുന്ദർ’ പിച്ചൈ പ്രണയം

വിജയം എന്നത് സ്വപ്നം കാണുകയും അതിന് വേണ്ടി പരിശ്രമിക്കുന്നവരുടെയും ഒപ്പമാണെന്ന് തെളിയിക്കാൻ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന ഒരു പേരാണ് സുന്ദർ പിച്ചൈ. അടുത്തിടെ സച്ചിനൊപ്പമുള്ള ചിത്രം സോഷ്യൽ ലോകത്ത് വൈറലായപ്പോൾ എല്ലാവരും ചോദിച്ചത് അദ്ദേഹത്തിന്റെ ഏളിമയെ പറ്റിയാണ്. കോടികൾ ശമ്പളം വാങ്ങുന്ന ഒരാളാണോ ഇതെന്ന് ലോകത്തെ കൊണ്ട് ചോദിച്ച സുന്ദർ പിച്ചൈയുടെ ജീവിത വിജയത്തിന് പിന്നിലും പഴഞ്ചൊല്ല് പോലെ ഒരു പെൺസാന്നിധ്യമുണ്ട്.

ചെന്നൈയിലെ തീർത്തും സാധാരണ ചുറ്റുപാടിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലപ്പത്തെത്തിയ സുന്ദർ പിച്ചൈയുടെ ജീവിതത്തിലെ മനോഹര പ്രണയത്തിന്റെ നായികയാണ് അഞ്ജലി. ഐ‌ഐ‌ടി ഖരഗ്‌പൂരിൽ ഒരുമിച്ച് പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം കല്യാണം കഴിഞ്ഞും തുടരുകയാണ്. ഐ‌ഐ‌ടിയിലെ പെൺകുട്ടിയുടെ ഹോസ്റ്റലിലേക്ക് പോയി അഞ്ജലിയോട് പ്രണയം തുറന്നു പറയാന്‍ പോലും സുന്ദർ പിച്ചൈയ്ക്ക് നാണമായിരുന്നു. ഇതു പറഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു.

സെൽ‌ഫോണുകൾ‌ ഇല്ലാത്ത ഒരു യുഗത്തിൽ‌ പ്രണയബന്ധം നിലനിർത്താൻ ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് 1995ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസിൽ എംഎസ് പഠിക്കാൻ സുന്ദറിന് സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ അഞ്ജലി ഇന്ത്യയിൽ തന്നെ തുടർന്നു. അവർ മാസങ്ങളോളം ഒന്നു വിളിക്കാനാകാതെ ബുദ്ധിമുട്ടി. കാരണം അവളെ ഒരു കോൾ വിളിക്കാൻ പോലും സുന്ദറിന്റെ കയ്യിൽ പണമില്ലായിരുന്നു. അന്നത്തെ ദിവസങ്ങളിൽ പിച്ചൈയുടെ ഒരു കോളിനായി ഏറെ കാത്തിരുന്നിട്ടുണ്ടെന്ന് അഞ്ജലി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

ഭാര്യ അഞ്ജലിയുടെ വരുമാനം ഇന്ന് 2.2 കോടി ഡോളറാണ്. പിച്ചൈയുടെ വരുമാനം ഏകദേശം 15 കോടി ഡോളറുമാണ്. 1999 മുതൽ 2002 വരെ ആക്സെഞ്ചറിൽ കെമിക്കൽ എൻജിനീയറായാണ് അ‍ഞ്ജലി ജോലി ചെയ്തത്. ഇപ്പോൾ ഇന്റ്യൂട്ടിൽ ബിസിനസ് ഓപ്പറേഷൻസ് മാനേജരാണ്.മറ്റ് ഐടി ഭീമൻമാരിൽ നിന്ന് ലാഭകരമായ ഓഫറുകൾ ലഭിച്ചിട്ടും ഗൂഗിളിൽ തുടരാൻ പിച്ചൈയോട് പറഞ്ഞതും ഭാര്യയാണ്. പ്രൊഡക്റ്റ് മാനേജറിൽ നിന്ന് ഗൂഗിൾ സിഇഒ ആയി സുന്ദർ പിച്ചൈ ഉയരുമെന്ന് അഞ്ജലിക്ക് വിശ്വാസമുണ്ടായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ടെക്കിയാണ് സുന്ദർ പിച്ചൈ.