പരുന്ത് പുലിവാലായി; ‘അവകാശി’കളെക്കൊണ്ട് പൊറുതിമുട്ടി സൈനുൽ ആബിദ്

മലപ്പുറം: പക്ഷികളുടെ കൊത്തേറ്റ് വീട്ടുമുറ്റത്തു വീണ പരുന്തിന് സംരക്ഷണമേകിയ അരീക്കോട് മൈത്ര ചുണ്ടത്ത് സൈനുൽ ആബിദ് ‘പുലിവാലു’ പിടിച്ചു.        ആബിദും പരുന്ത് ‘ജുഗുരു’വും തമ്മിലുള്ള സൗഹൃദം വാർത്തയായതിൽ പിന്നെ പരുന്തിന്റെ അവകാശികളെക്കൊണ്ടുള്ള തിക്കുംതിരക്കുമാണ്. വാർത്ത വന്നശേഷം രണ്ടാഴ്ചയ്ക്കിടെ പരുന്ത് തങ്ങളുടേതാണെന്നവകാശപ്പെട്ട് 50 പേരെങ്കിലും ആബിദിനെ ബന്ധപ്പെട്ടു. പലരും ഫോണിൽ ചിത്രങ്ങളും അയച്ചു നൽകി. 24 പേരാണ് വീട്ടിൽ അന്വേഷിച്ചുവന്നത്. 

കേരളത്തിന്റെ പല ഭാഗത്തുനിന്നും വിളികളെത്തുന്നുണ്ട്. കോട്ടയത്ത് നിന്നുവരെ ആളുകൾ വിളിച്ചു. തങ്ങൾ വിറ്റ പരുന്താണെന്ന് പറഞ്ഞും ആളെത്തി. ചിലർ 15,000 രൂപവരെ വാഗ്ദാനം ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി.വീണു കിടന്ന പരുന്തിന് ആബിദ് മീനും ഇറച്ചിയും നൽകിയതിൽ പിന്നെയാണ് ആരോഗ്യം തിരിച്ചു കിട്ടിയത്. സമീപത്തെ കുന്നിലേക്കു പറന്നു പോകുമെങ്കിലും ആബിദിനെ കാണുമ്പോൾ താഴേക്കിറങ്ങിവരും. സ്വന്തമായി ഇരപിടിക്കാനുള്ള ശേഷി പരുന്തിനില്ലെന്നാണ് ആബിദ് പറയുന്നത്.

എന്നാൽ വീട്ടിലെ മറ്റാരുമായി അത്ര അടുപ്പമില്ല. കുട്ടികളെ ആക്രമിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രവാസിയായ ആബിദ് അടുത്തുതന്നെ മടങ്ങും. അതിനു മുൻപ് വനംവകുപ്പോ മൃഗശാല അധികൃതരോ എത്തിയാൽ ജുഗുരുവിനെ കൈമാറാമെന്നാണ് കരുതുന്നത്. വ്യക്തികൾക്ക് കൈമാറില്ല. പരുന്തുകളെ പിടിച്ചു വളർത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും ആബിദ് പറഞ്ഞു.