വയസ്സ് 94; ദിവസവും 200 യാചകർക്ക് സൗജന്യ ഭക്ഷണം; ഇത് ഗുലാബ്ജിയുടെ ചായക്കട

എഴുപ്പത്തിമൂന്ന് വർഷങ്ങളായി ജയ്പ്പൂരിലെ ഏറ്റവും പ്രിയപ്പെട്ട ചായവിൽപ്പനക്കാരനാണ് ഗുലാബ് സിങ് ധീരവത്ത്. 1946 മുതൽ ജയ്പൂരിലെത്തുന്നവർ ഗുലാബ് സിങ്ങിന്റെ ചായ കുടിക്കാതെ മടങ്ങാറില്ല. ഈ ചായയിൽ എന്തോ ഒരു മാജിക് ഉണ്ടെന്നാണ് ഗുലാബ് സിങ് പറയുന്നത്. 

മസാല, പാൽ, വെള്ളം, തേയില, പഞ്ചസാര എന്നിവ തന്നെയാണ് ഗുലാബ് സിങ്ങിന്റെ ചായയിലുമുള്ളത്. പക്ഷേ ഒരൽപ്പം സ്നേഹം കൂടി ചേർക്കുന്നതിനാലാകാം ചായക്ക് പ്രിയമേറുന്നത്. ചായക്കൊപ്പമുള്ള ചർച്ചകളും ഗുലാബ്ജിയുടെ കടകളിൽ കാണാം. 

1946ലാണ് ചായക്കട തുടങ്ങാൻ തീരുമാനിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം എതിർത്തു. കുടുംബത്തിന്റെ അന്തസ്സിന് ചേരില്ല എന്ന് വീട്ടുകാർ പറഞ്ഞു. പക്ഷേ പിന്മാറാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. സ്വന്തം ഇഷ്ടത്തിന് പിന്നാലെ ഗുലാബ്ജി അങ്ങനെ ചായക്കട തുടങ്ങി. 

വെറും 130 രൂപ കൊണ്ടാണ് അന്ന് അദ്ദേഹം ഒരു മൊബൈല്‍ ടീസ്റ്റാള്‍ തുടങ്ങിയത്. ഇന്ന് ഒരുദിവസം 20,000 രൂപവരെ അദ്ദേഹം സമ്പാദിക്കുന്നു. ചായക്കും കടിക്കും ചേര്‍ന്ന് 20 രൂപയാണ് വില. ഓരോ ദിവസവും 4000 പേരെങ്കിലും ചായ കുടിക്കാനായി ഇവിടെയെത്തും. 

തന്‍റെ 94 -ാമത്തെ വയസ്സിലും ഈ ചായക്കട നടത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല അദ്ദേഹത്തിന്. ജനങ്ങള്‍ വയസ്സാവുന്നതിനെ കുറിച്ച് പലതും പറയാറുണ്ട്. പക്ഷെ, എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ജോലി ചെയ്യാനാവുന്നതില്‍ സന്തോഷമാണ്. തന്‍റെ ശരീരം അനുവദിക്കുന്ന കാലം വരെ ജോലി ചെയ്യും എന്നാണ് ഗുലാബ് ജി പറയുന്നത്. 

എല്ലാ ദിവസവും ഇരുന്നൂറിലധികം യാചകർ അദ്ദേഹത്തിന്റെ കടയിലെത്തും. അവർക്ക് സൗജന്യമായി ഗുലാബ്ജി വക സ്നേഹം നിറച്ച ചായയും കടിയും നൽകും.