‘ടാ ഡെന്നിസേ, ഉരുൾ പൊട്ടുന്നത് കാണാൻ പോരുന്നോ?’; ഓർമയില്‍ വികട്റിന്റെ ആ വിളി; സൗഹൃദം

കാഴ്‌ചകളിൽ അപൂർവങ്ങളും അനശ്വരവുമായ മുഹൂർത്തങ്ങൾ സമ്മാനിച്ച വിക്‌ടർ ജോർജ് ഓര്‍മകളിലിന്നും മലയാളത്തിന് മഴയുടെ കണ്ണീര്‍തണുപ്പാണ്. 2001ലെ മഴയുള്ള ജൂലൈ മാസത്തിലെ ദുരന്ത ഓർമകൾക്ക് ഇന്ന് 18 വയസ്. മഴയുടെ പിന്നാലെയായിരുന്നു വിക്‌ടർ എന്നും. വെണ്ണിയാനി മലയിലെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയ വിക്ടറിന്റെ ക്യാമറയിൽ അവസാനം പതിഞ്ഞതെല്ലാം മഴയുടെ കോപമുഖങ്ങളാണ്. 

18 വർഷങ്ങൾക്കിപ്പറവും ആ ദുരന്ത ദിനം കണ്ണീരോടെ മാത്രമേ വിക്ടർ ജോർജിന്റെ അടുത്ത സുഹൃത്ത് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് ഓർത്തെടുക്കാനാകൂ. ദേവമാത കോളജിൽ ഡെനീസിന്റെ സീനിയറായിരുന്നു വിക്ടർ. 

2001ലെ മഴക്കാലത്തും വിക്‌ടർ മഴയുടെ പിന്നാലെയായിരുന്നു. പലപ്പോഴും ഇത്തരം യാത്രകളിൽ തന്നെ വിക്ടർ വിളിക്കാറുണ്ടായിരുന്നു. എന്നാൽ മടി കാരണം അവസാന നിമിഷം യാത്ര ഞാൻ ഒഴിവാകുമായിരുന്നുവെന്ന് ഡെന്നിസ് ഓർത്തെടുക്കുന്നു. എന്നാൽ ഉരുൾ പൊട്ടുന്നത് നേരിൽ കാണാം എന്ന് വിക്ടർ പറഞ്ഞപ്പോൾ അതിനെ കൗതുകത്തോടെ മാത്രം കണ്ടിരുന്ന ഡെന്നിസും നാളത്തെ യാത്രയിൽ ഒപ്പം ഉണ്ടാകുമെന്ന് അന്ന് ഉറപ്പ് നൽകി. 

പിറ്റേന്ന് പുലർച്ച തൊടുപുഴയ്‌ക്കടുത്തു വെണ്ണിയാനി ഗ്രാമത്തിൽ ഉരുൾപൊട്ടിയെന്ന വാർത്ത കേട്ട വിക്‌ടർ ഓഫിസിലേക്ക് വിളിച്ചു. തൊട്ട് പിന്നാലെ ഡെന്നിസിനെ ഫോൺ വിളിച്ചെങ്കിലും അദ്ദേഹം ഉറക്കത്തിലായിരുന്നു. അങ്ങനെ അയൽവാസിയും ബന്ധുവുമായ ജോർജിന്റെ ജീപ്പുമായി പട്ടിത്താനത്തു നിന്നും അദ്ദേഹം വെണ്ണിയാനി ഗ്രാമത്തിലേക്ക് പോയി. 

‘മല പിളരുന്ന മഴ’യുടെ ദൃശങ്ങൾ മലയാളിക്ക് സമ്മാനിക്കാൻ നന്നായി ഗൃഹപാഠം ചെയ്തിരുന്ന വിക്ടറിന് പക്ഷേ ആ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാനായില്ല. ആ ദുരന്ത വിവരം വിക്ടറിന്റെ വീട്ടിൽ അറിയിക്കേണ്ട ദൗത്യവും ഡെന്നിസ് ജോസഫിനായിരുന്നു. ആ നിമിഷങ്ങൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഡെന്നിസ് ഓർത്തെടുക്കുന്നു. 

ദേവമാത കോളജിൽ വിവിധ ബാച്ചുകളിൽ പഠിച്ച വിക്ടറിനെയും ഡെന്നിസ് ജോസഫിനെയും ഗായത്രി അശോകിനെയും ഒന്നിപ്പിച്ചത് കോളജിലെ സിനിമ ചർച്ചകളാണ്. കോളജ് പഠനത്തിന് ശേഷം ജർമ്മനിയിൽ പോകാനാണ് വിക്ടർ ഓട്ടോമൊബൈൽ മെക്കാനിസം പഠിക്കാൻ ചേർന്നത്. എന്നാൽ ഫൊട്ടോഗ്രഫിയിൽ വിക്ടറിനുള്ള കമ്പം തിരിച്ചറിഞ്ഞ ഈ സുഹൃത്തക്കളാണ് അദ്ദേഹത്തെ ആ വഴിക്ക് തിരിച്ചുവിട്ടത്. പിന്നിട് മലയാളത്തിന് അത്ര പരിചയമല്ലാത്ത ദൃശ്യഭാഷ സമ്മാനിച്ച് രണ്ട് പതിറ്റാണ്ട് കാലം ന്യൂസ് ഫൊട്ടോഗ്രഫിയിൽ ശ്രദ്ധ കേന്ദ്രമായി. 

വിക്‌ടർ ‘മനോരമ’ ഫൊട്ടോഗ്രാഫറായി ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു‍ ഡെന്നിസിന്റെ ‘ന്യൂഡൽഹി’യുടെ ചിത്രീകരണം നടന്നത്. മലയാളത്തിൽ പൂർണ്ണമായി ഡൽഹിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രം ‘ന്യൂഡൽഹി’ക്ക് പിന്നിൽ വിക്ടറും ഉണ്ടായിരുന്നു. വിക്ടറിന്റെ ബൈക്കിന്റെ പിറകിലിരുന്നാണ് ഡെന്നീസ് ജോസഫ് ഡൽഹിയിലെ പ്രധാന സ്ഥലങ്ങള്‍ എല്ലാം കണ്ടത്. ഇത് തിരക്കഥയ്ക്ക് നല്ല സഹായമായി എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. 

പിതാവിന്റെ വഴിയേയാണ് മകൻ നീൽ വിക്ടറും.‌ മദ്രാസ് ക്രിസ്ത്യൻ കോളജിൽ വിഷ്വൽ കമ്മൂണിക്കേഷൻ പഠനം കഴിഞ്ഞ നീലിന്റെ ചിത്രങ്ങൾ വിക്ടറിന്റെ ചിത്രങ്ങൾക്കൊപ്പം കിടപിടിക്കുന്നതാണെന്നാണ് ഡെന്നിസ് ജോസഫിന്റെ അഭിപ്രായം.