അന്ന് ആദ്യമായി കാമറ കണ്ടു; എന്നിട്ടും കത്തിക്കയറി: നാണിയമ്മ ഇനി ഓര്‍മ

മഴവില്‍ മനോരമയുടെ ഉടന്‍ പണം പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വയനാട് മേപ്പാടി സ്വദേശി നാണിയമ്മ ഒാര്‍മ്മയായി. പരിപാടിയില്‍ സ്വതസിദ്ധമായ രീതിയിലൂടെ മറുപടികള്‍ പറഞ്ഞും ചോദ്യങ്ങള്‍ ഉന്നയിച്ചും ആളുകളെ കയ്യിലെടുത്ത നാണിയമ്മ സോഷ്യല്‍ മീഡിയകളിലും തരംഗമായിരുന്നു. ഉടന്‍ പണം പരിപാടിയിലൂടെ ജീവിതത്തില്‍ ആദ്യമായി കാമറ കാണുകയായിരുന്നു നാണിയമ്മ.

പക്ഷെ അമ്പരപ്പും സഭാകമ്പവുമില്ലാതെ നാണിയമ്മ നിറഞ്ഞ കയ്യടികളിലേക്ക് കത്തിക്കയറി. ഒന്നാം വയസില്‍ ചുരം കയറിയെത്തിയത്,  പെണ്ണുകാണല്‍, ചെറുപ്രായത്തിലെ കല്യാണം, ഭര്‍ത്താവിന്റെ മരണവും ഒാര്‍മ്മകളും, പിന്നീട് ഒമ്പതുമക്കളെ പോറ്റിവളര്‍ത്താനുള്ള കഷ്ടപ്പാടുകള്‍...  നാണിയമ്മയുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകര്‍ ഒട്ടും മടുക്കാതെ കേട്ടിരുന്നു. പാട്ടുപാടിയും ഡാന്‍സ് കളിച്ചും തമാശകള്‍ പറഞ്ഞും കാണികളെയും അവതാരകരെയും കയ്യിലെടുത്ത നാണിയമ്മ  മേപ്പാടി ചൂരല്‍ മലയുടെ അഭിമാനം കൂടിയായി മാറി. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു എഴുപത്തെട്ടുകാരിയായ നാണിയമ്മയുടെ മരണം.