കെട്ടിപ്പൊക്കിയ’ ട്രിക്ക്; പാലാരിവട്ടം പാലം പൊളിച്ചടുക്കി റാപ്; പാട്ട് വൈറല്‍

പുതിയ കാല കേരളത്തിന്റെ ‘പഞ്ചവടിപ്പാലം’ വാര്‍ത്തകളിലും വിവാദങ്ങളിലും ഒപ്പം ട്രോളുകളിലും നീണ്ടുനിറഞ്ഞു നില്‍പ്പാണ്. പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അഴിമതിയും അനുബന്ധചര്‍ച്ചകളും ചൂടാറാതെ നില്‍ക്കുമ്പോള്‍ തരംഗമാവുകയാണ് പാലാരിവട്ടം റാപ് മ്യൂസിക്. റേഡിയോ മാംഗോയില്‍ ആർജെ ആദർശാണ് ഈ വൈറലാകുന്ന റാപിന് പിന്നിൽ. റാപിലും ബീറ്റ് ബോക്സിംഗിലും താൽപ്പര്യമുളള ആദർശിന് ഇത് ഒരു പ്രതിഷേധം കൂടിയാണ്.

ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു പൊലീസുദ്യോഗസ്ഥൻ ചെയ്ത റാപ് മ്യൂസിക് വൈറലായതും ബോളിവുഡ് താരങ്ങളുൾപ്പെടെ അത് ഷെയർ ചെയ്തതും ആണ് ഈ വേറിട്ട പാട്ടിന് പ്രചോദനം. ആ സ്വീകാര്യത കണ്ടപ്പോഴാണ്  ആദർശിനും ഒരു കൈ നോക്കാമെന്ന് തോന്നിയത്. പിന്നീട് തന്റേതായ വാക്കുകളും വരികളും ഉപയോഗിച്ച് മാംഗോയുടെ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് തന്നെ റാപ് റെക്കോർഡ് ചെയ്തു. കേൾക്കാൻ ഇമ്പമുള്ള ശബ്ദവും ബീറ്റും ഒത്ത് ചേർന്നപ്പോൾ അത് കേൾവിക്കാർക്കും മധുരതരമായി.

ഒരു തവണ പോലും പാലാരിവട്ടമെന്നോ ഫ്ലൈ ഓവർ എന്നോ ഉപയോഗിക്കാതെ ചെയ്ത റാപ്  എന്തിനെക്കുറിച്ചെന്ന ചോദ്യത്തിന് റേഡിയോ ശ്രോതാക്കളും വ്യക്തമായ മറുപടി നൽകി. അതോടെ സംഗതി ക്ലിക്കായി. ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച റാപിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഫ്ലൈ ഓവറിന്റെ ദാരുണാവസ്ഥ വലിയ പ്രതിഷേധമായി മനസ്സിൽ സൂക്ഷിക്കുന്ന കൊച്ചി ജനതയ്ക്ക്, സത്യം ഈണത്തിൽ വിളിച്ച് ചൊല്ലുന്ന റാപ് കേട്ടാൽ  എങ്ങനെ സ്വീകരിക്കാതിരിക്കും. കോഴിക്കോട് സ്വദേശി ആദർശ് മുൻപ് ചെയ്ത റെയിൽവേ അനൗൺസ്മെന്റ് റാപിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

യുഎഇ റേഡിയോ മാംഗോയിൽ ആർജെ ആയിരുന്ന ആദർശ് ഇപ്പോൾ കൊച്ചി സ്റ്റേഷന്റെ ഭാഗമാണ്. ഏതായാലും പാലാരിവട്ടം റാപിന് ഇത്രയധികം സ്വീകാര്യത ലഭിച്ച സ്ഥിതിക്ക് ഭാവിയിലും ഇത്തരം വിഷയങ്ങളൊക്കെ കേൾക്കാം ആദർശിന്റെ റാപിലൂടെ.