അന്ന് 80 ശതമാനം പൊള്ളലേറ്റു; മകളെ അവര്‍ വീട്ടിലൊളിപ്പിച്ചില്ല; ഡോക്ടറാക്കി; അതിജീവനകഥ

ഡോ.സി.കെ. ഷാഹിനയുടെ ജീവിതം ഒരു പാഠ പുസ്തകമാണ്. ജീവൻ കൈവിട്ടെന്ന് എല്ലാവരും വിധിയെഴുതിയ കുഞ്ഞുജീവനെ പ്രാർഥനയുടെയും സ്നേഹത്തിന്റെയും കരുതലും വാത്സല്യവും നൽകി ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന ഒരു പിതാവിന്റെ അനുഭവങ്ങളുടെ ഏടുകൾ അതിലുണ്ട്. ആശുപത്രിക്കിടക്കയിൽ അനങ്ങാനാകാതെ വേദനയിൽ പുളഞ്ഞിരുന്ന കുഞ്ഞിനെ കണ്ണിമ ചിമ്മാതെ പരിചരിച്ച ഉമ്മയുടെ സ്നേഹക്കണ്ണീരിന്റെ നനവുണ്ട്. സർവോപരി ആത്മധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും ജീവിതത്തിൽ ഉന്നതിയിലെത്തിയ ഒരു യുവതിയുടെ കയ്യൊപ്പുണ്ട്. അവർ സധൈര്യം നടത്തിയ പോരാട്ടത്തിന്റെ കനലുകൾ അവിടെ ഒളിഞ്ഞിരിപ്പുണ്ട

ഓർമയിൽ തെളിയുന്നില്ലെങ്കിലും 4–ാം വയസ്സിൽ തീപ്പൊള്ളലേറ്റ കുഞ്ഞു ഷാഹിനയെയും കൊണ്ട് ആശുപത്രിയിലേക്കോടിയതു മുതൽ മകളെ ചേർത്തു പിടിച്ചു ധൈര്യം പകർന്നു ഡോക്ടറാക്കുന്നതുവരെയുള്ള അനുഭവങ്ങൾ വട്ടേക്കുന്നത്തെ ചായ്മൂലയിൽ വിട്ടിലിരുന്നു കുഞ്ഞുമുഹമ്മദ് പറയുമ്പോൾ ഷാഹിനയുടെ കണ്ണു നിറയും. പൊള്ളലേറ്റു വിരൂപമായ മുഖവുമായി മകളെ വീട്ടിനുള്ളിലൊളിപ്പിക്കാൻ അദ്ദേഹം അനുവദിച്ചില്ല. സാധാരണ കുട്ടികളെപ്പോലെ അവളെ സ്കൂളിൽ വിടാനും മനക്കരുത്തു പകരാനും കുഞ്ഞുമുഹമ്മദും ഭാര്യ സുഹ്റയും പ്രത്യേക ശ്രദ്ധ ചെലുത്തി. 

ഇന്നു മകൾ മിടുക്കിയായ ഹോമിയോ ഡോക്ടറായി നിൽക്കുമ്പോൾ അവരുടെ സങ്കടങ്ങളെല്ലാം അതിർത്തികടന്നു. രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ നഴ്സറി ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ വായിക്കുന്നതിനിടിയിലാണു വിളക്കിൽ നിന്നു തീനാളം ഷാഹിനയുടെ വസ്ത്രത്തിലേക്കു പടർന്നത്. നിലവിളി കേട്ട് ഓടിവന്ന ഉമ്മ സുഹ്റ പതറിയില്ല. സമീപത്തുണ്ടായിരുന്ന ചെമ്പിലെ വെള്ളം ഷാഹിനയുടെ ദേഹത്തു കമഴ്ത്തി. തീ അണഞ്ഞെങ്കിലും  ഷാഹിനയ്ക്ക് 80 ശതമാനം പൊള്ളലേറ്റു. മുഖവും ശരീരവും പൊള്ളലേറ്റ ഷാഹിനയെ എടുത്തുകൊണ്ട് കുഞ്ഞുമുഹമ്മദ് പുറത്തേക്കോടി. ആദ്യം കണ്ട വാഹനത്തിനു കൈകാണിച്ചു.

ആ ഡ്രൈവറുടെ കാരുണ്യം കൊണ്ടു ഷാഹിനയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ 50 ദിവസം ചികിത്സിച്ചു. ഒടുവിൽ ഡോക്ടർമാർ വിധിയെഴുതി– ഷാഹിന രക്ഷപ്പെടില്ല. കുഞ്ഞുമുഹമ്മദിന് ആ വാക്കുകൾ വിശ്വസിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിലേക്കു കുഞ്ഞിനെ കൊണ്ടുപോകാനാണ് അദ്ദേഹം തീരുമാനിച്ചത്. അവിടെയെത്തിച്ച ഷാഹിനയെ ഒന്നര വർഷത്തോളം ചികിത്സിച്ചു. പൊള്ളലേറ്റു കുനിഞ്ഞ ശിരസ് നേരയാക്കാൻ കഴുത്തിൽ 4 ശസ്ത്രക്രിയകൾ നടത്തി. 

ഒട്ടിപ്പോയ കൈവിരലുകൾ വേർപെടുത്താനും ശസ്ത്രക്രിയകൾ നടത്തി. ഭാര്യാസഹോദരൻ അലിയും ഉമ്മയുടെ മാതാവ് പരീതുമ്മയും സഹോദരങ്ങളും ഓരോ ഘട്ടങ്ങളിൽ ഷാഹിനക്കു സഹായമെത്തിച്ചു. ജീവൻ നഷ്ടപ്പെട്ടെന്നു കരുതിയ ഷാഹിനയെ ജീവിതത്തിലേക്ക് ഇവരുടെ പിന്തുണയോടെ അദ്ദേഹം തിരികെ നടത്തി. സ്കൂളിൽ ചേർത്തു. അധ്യാപകരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഷാഹിന എല്ലാ പ്രയാസങ്ങളും മറികടന്നു. എൻജിനീയറാവണമെന്നായിരുന്നു ഷാഹിനയുടെ ആഗ്രഹം.സയൻസ് ഗ്രൂപ്പ് എടുത്തു പഠിച്ചതും അതിന്. 

എന്നാൽ പ്രവേശനം ലഭിച്ചത് ബിഎച്ച്എംഎസ് പഠനത്തിന്. ഗവ. പടിയാർ മെമ്മോറിയിൽ ഹോമിയോ മെഡിക്കൽ കോളജിലെ പഠനത്തിനിടെ ലഭിച്ച കൂട്ടുകാർ ഏറെ തുണ നൽകി. അവിടത്തെ പഠനമാണു ഷാഹിനക്ക് മനക്കരുത്ത് സമ്മാനിച്ചത്. 2012ൽ വിജയിച്ചു പുറത്തിറങ്ങിയ ഷാഹിന 6 വർഷം നോർത്ത് കളമശേരിയിൽ ഡോ.റെൻസ് ഏബ്രഹാമിനു കീഴിൽ പ്രാക്ടീസ് ചെയ്തു. രോഗികളുമായുള്ള ഇടപഴകലുകളും ഉള്ളിലെ അപകർഷതാബോധം അകറ്റാൻ ഏറെ സഹായകമായി. ഡോ. ഷാഹിന ‘സഹതാപം’ എന്ന വാക്കിനെയാണ് ഏറ്റവും കൂടുതൽ വെറുക്കുന്നത്. തനിക്ക് ആരുടെയും സഹതാപം വേണ്ടെന്ന് അവർ പറഞ്ഞു. 

ദുരന്തത്തിനു ശേഷം അനുവഭിച്ച മനോവ്യഥകൾ ഷാഹിനയെ കരുത്തുള്ളവളാക്കി. നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ചുള്ള ദുഃഖമില്ല. ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഉയരെ’സിനിമ കണ്ട ശേഷം ഡോ.ഷാഹിന സുഹൃത്തായ ബെബറ്റൊ സക്കറിയാസ് മുഖേന പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ‘ഉയരെ’ തന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം ആയിരുന്നെന്ന് ഷാഹിന പറയുന്നു. 

നടൻ ടൊവിനൊ ‍‍തോമസ് ഡോ.ഷാഹിനയെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. സഹോദരൻ മുഹമ്മദ് അർഷദ് മുഖേനയാണു ടൊവിനൊയെ പരിചയപ്പെട്ടത്. ദുരന്തങ്ങളെ നേരിട്ടു മനോവിഷമത്തിൽ കഴിയുന്നവർക്കുള്ള പ്രചോദനമാണു ഷാഹിനയുടെ ‘രണ്ടാം ജന്മ’ ജീവിതം. പാല കുടക്കച്ചിറ ഗവ.ഹോമിയോ ‍ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫിസറാണു ഡോ. ഷാഹിന.