റഡാറിൽ അമ്പരപ്പിക്കുന്ന കാഴ്ച; നിരീക്ഷകർ ഞെട്ടി; ഒടുവിൽ കണ്ടെത്തിയത്

കഴിഞ്ഞ ദിവസം കലിഫോർണിയയിലെ നാഷണൽ വെതർ സർവീസ് കേന്ദ്രത്തിലെ റഡാറിൽ തെളിഞ്ഞ കാഴ്ച നിരീക്ഷകരെ അത്ഭുതപ്പെടുത്തി. ഇതെന്താണെന്നു തിരിച്ചറിയാൻ സാധിച്ചതുമില്ല. ഏറെ നേരം നിരീക്ഷിച്ചിട്ടും മഴമേഘങ്ങളോ ചുഴലിക്കാറ്റോ ഒന്നുംതന്നെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് 

ദൃശ്യം കണ്ട സ്ഥലത്തെ വാനനിരീക്ഷകരുമായി  കാലാവസ്ഥാകേന്ദ്രം ബന്ധപ്പെട്ടു. അങ്ങനെയാണ് സംഭവ വ്യക്തമായത്. എണ്ണിയാലൊടുങ്ങാത്തിടത്തോളം ചെറു വണ്ടുകൾ കൂട്ടമായി നീങ്ങിയതാണ് റഡാറിന്റെ കണ്ണിൽപ്പെട്ടത്.

ഭൂമിയിൽ നിന്നും ഒരു കിലോ മീറ്ററോളം ഉയരത്തിൽ നീങ്ങിയിരുന്ന വണ്ടുകളുടെ കൂട്ടത്തിന് പത്തു മൈലിൽ അധികം വ്യാസം ഉണ്ടായിരുന്നു! ഇത്രയും വലിയ കൂട്ടമായതിനാലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ റഡാറിൽ അവ പതിഞ്ഞത്. അനേകം ഇനങ്ങളിൽ പെട്ട ചെറു വണ്ടുകൾ കലിഫോർണിയയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും വലിയ കൂട്ടമായി ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കു നീങ്ങാറുമുണ്ട്.  എന്നാൽ ഇത്രയധികം വണ്ടുകൾ ഒരേസമയം ദൃശ്യമായത് അത്യപൂർവമാണെന്ന് നിരീക്ഷകർ പറയുന്നു. 

ചെറു വണ്ടുകളുടെ കൂട്ടമായ പലായനത്തെ ലേഡിബഗ് ബ്ലൂം  എന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പോഡാമിയ കൺവേർജൻസ് (Hippodamia convergens) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന വണ്ടുകളുടെ കൂട്ടമാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ റഡാറിൽ പതിഞ്ഞത്. കാലാവസ്ഥയിൽ  ഉള്ള വ്യതിയാനങ്ങൾ മൂലം മറ്റൊരിടത്തേക്ക് വണ്ടുകൾ പലായനം ചെയ്തതാവാമെന്ന് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.