ഗർഭനിരോധന ഉറയിൽ ദ്രാവക രൂപത്തിൽ സ്വർണം; ഉരുക്കിയപ്പോൾ തങ്കം

ഷാർജയിൽനിന്നു തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കള്ളക്കടത്തു നടത്തിയ ദ്രാവക രൂപത്തിലുള്ള സ്വർണം ഉരുക്കിയപ്പോൾ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വിഭാഗത്തിനു കിട്ടിയത് 845 ഗ്രാം തനി തങ്കം. വിപണിയിൽ 27.65 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. 

പ്രത്യേക തരം കളിമൺ മിശ്രിതം, രാസവസ്തുക്കൾ എന്നിവയിൽ തരികളാക്കിയ തങ്കം ചേർത്തു ഗർഭനിരോധന ഉറയിലാക്കിയാണു കള്ളക്കടത്തു നടത്തിയത്. ആറു മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കു ശേഷമാണ് മിശ്രിതത്തിലെ സ്വർണം കസ്റ്റംസ് വേർതിരിച്ചത്. വിമാനത്താവളം വഴിയുള്ള  കള്ളക്കടത്തു സംബന്ധിച്ചു കസ്റ്റംസ് അന്വേഷണം തുടങ്ങി.

ഇതിനു മുൻപും സ്വർണം കടത്തിയെന്ന പ്രതികളുടെ മൊഴിയും ഗൗരവത്തോടെയെടുത്തിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ അബ്ദുൽ ജസീർ, അജിനാസ് എന്നിവരെ ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തി‍ൽനിന്നു കോഴിക്കോട്ടേക്കുള്ള വഴിയിൽ കുരുടിക്കാട് വച്ച് എക്സൈസ് എൻഫോഴ്സ്മെന്റാണു പ്രതികളെ പിടികൂടിയത്.